ഹാരിസ് ബീരാൻ മുസ്ലിംലീഗ് രാജ്യസഭാ സ്ഥാനാർഥി
തിരുവനന്തപുരം: അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് സംസ്ഥാനനേതൃയോഗത്തിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ടുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. നേതാവുമാണ് അഡ്വ. ഹാരിസ് ബീരാന്‍.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് മൂന്നാമത് ഒരു സീറ്റുകൂടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് ജയസാധ്യതയുള്ള സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. ഇതില്‍ ജയിക്കുന്നതോടെ പി.വി. അബ്ദുല്‍വഹാബിന് പുറമെ ലീഗിന് ഒരു രാജ്യസഭാംഗം കൂടിയാകും. ലോക്സഭയിലെ മൂന്നുപേരടക്കം ലീഗ് എം.പി.മാരുടെ എണ്ണം അഞ്ചാകും.
ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാം, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. വി.കെ. ഫൈസല്‍ ബാബു, സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരെയും സജീവമായി പരിഗണിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍, സാദിഖലി തങ്ങള്‍ ഹാരിസ് ബീരാന്റെ പേരില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് സൂചന