വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലും, ഇസ്രായേലിന് ഹമാസിന്‍റെ ‘പരസ്യ’ വെല്ലുവിളി,
ടെൽഅവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി.
ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവിധ ലോകരാജ്യങ്ങളിൽ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയിൽ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികൾ അടക്കം നൂറു പേർ ഹമാസിന്റെ ബന്ദികളാണ്.
മുപ്പതിലേറെ പേർ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവർ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്ന ചർച്ചകൾ നടക്കുന്നതിനിടെയിലാണ് വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലുമെന്ന ഹമാസിന്‍റെ വെല്ലുവിളി.
അതിനിടെ ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളേയും പിന്തിരിപ്പിക്കാൻ മധ്യസ്ഥ ശ്രമം നടത്തുന്നത് സ്ഥിരീകരിച്ച് ഖത്തർ രംഘത്തെത്തി. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്നാണ് ഖത്തർ വ്യക്തമാക്കിയത്. ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ആശയ വിനിമയം നടക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നത് ഖത്തർ സ്ഥിരീകരിച്ചത്.
നേരത്തെ സൗദി അറേബ്യയയും യു എ ഇയും ഒമാനുമടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ ദു:ഖം പ്രകടിപ്പിച്ചും യുദ്ധത്തിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷം ഉടലെടുത്തതെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനസ്ഥാപിക്കാനുമാണ് യു എ ഇയുടെയും ഒമാന്റെയും ആഹ്വാനം.