KeralaNews

വന്യജീവി ആക്രമണം: സർക്കാർ അവഗണനയ്‌ക്കെതിരെ ഞായറാഴ്ച താമരശ്ശേരി രൂപതയുടെ പ്രതിഷേധ ജ്വാല

താമരശ്ശേരി: വന്യജീവി ആക്രമണം കാരണം മലയോര ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എല്ലാ ഇടവകകളിലും പ്രതിഷേധജ്വാല സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് താമരശ്ശേരി രൂപത. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും.

സമീപദിവസങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷും പോളും ആഴ്ചകള്‍ക്ക് മുമ്പ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസും ശരാശരി കര്‍ഷകന്‍ നേരിടുന്ന ദുരവസ്ഥയെയും അനീതിയേയും പ്രതിഫലിപ്പിക്കുന്നുവെന്ന് സര്‍ക്കുലറില്‍ പറയുന്നു.

താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ള വിവിധ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയുടെ ആക്രമണമുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഭരണകൂടത്തിന്റേയും വനംവകുപ്പിന്റേയും അനാസ്ഥയും നിഷ്‌ക്രിയത്വവും കാരണമാണെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു.

‘ഭയമില്ലാതെ ജീവിക്കാനും കൃഷി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കിത്തരാനുമാണ് സര്‍ക്കാരിനോട് ചോദിക്കുന്നത്. വന്യമൃഗശല്യം തടയാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ഇതിനകം പലപ്രാവശ്യം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അവ സമയോചിതമയി നടപ്പാക്കിയിരുന്നെങ്കില്‍ ഈ ദുരന്തങ്ങള്‍ സംഭവിക്കില്ലായിരുന്നു.

ജീവിക്കാനും കൃഷി ചെയ്യാനുമുള്ള കര്‍ഷകന്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ഭരണകൂടത്തിന്റേയും വനംവകുപ്പിന്റേയും ക്രൂരമായ സമീപനം ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല.’ -സര്‍ക്കുലറില്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button