FeaturedNationalNews

H3N2 വ്യാപനം; പൂനെയിൽ ആദ്യമരണം, ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 9 ആയി

പൂനെ: രാജ്യത്ത് H3N2 വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഐ.സി.എം.ആർ മുൻകരുതലുകൾ നിർദേശിച്ചിരുന്നു. ഇപ്പോഴിതാ പൂനെയിലെ പിംപരി ചിഞ്ചവാഡിൽ H3N2 വ്യാപിച്ച് എഴുപത്തിമൂന്നുകാരൻ മരിച്ച വാർത്തയാണ് പുറത്തുവരുന്നത്. ഇതോടെ രാജ്യത്ത് രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.

സി.ഒ.പി.ഡി.(chronic obstructive pulmonary disease) ബാധിതനും ഹൃദ്രോ​ഗിയുമാണ് മരണമടഞ്ഞയാൾ എന്ന് പിംപരി ചിഞ്ചവാഡ് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. ഇതുകൂടാതെ അഹമ്മദ് ന​ഗറിലും നാ​ഗ്പൂരിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് പതിനാലിനാണ് അഹമ്മദ് നഗറിൽ എം.ബി.ബി.എസ് വിദ്യാർഥി മരണമടഞ്ഞത്. H3N2വിനൊപ്പം കോവിഡും ബാധിച്ചിരുന്നു. നാ​ഗ്പൂരിൽ എഴുപത്തിയെട്ടുകാരനും രോ​ഗബാധ മൂലം മരണപ്പെട്ടിരുന്നു. കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്നുള്ള എൺപത്തിരണ്ടുകാരന്റേതാണ് രാജ്യത്തെ ആദ്യത്തെ H3N2 മരണം.

രോ​ഗവ്യാപനം വർധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളും മഹാരാഷ്ട്ര ആരോ​ഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്ക് നിർബന്ധിതമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കണമെന്നും ആരോ​ഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു.

സംസ്ഥാനത്തെ ആശുപത്രികൾ കൂടുതൽ സജ്ജരായിരിക്കണമെന്നും നിലവിൽ‌ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. H3N2 വൈറസിനൊപ്പം കോവിഡും സംസ്ഥാനത്ത് വർധിക്കുന്നുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ കാണപ്പെടുകയാണെങ്കിൽ മതിയായ ചികിത്സ തേടണമെന്നും ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ 352 രോ​ഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാർച്ച് അവസാനത്തോടെ വൈറസ് വ്യാപനം കുറയുമെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കണക്കാക്കുന്നത്. ചെറിയ കുട്ടികളും മുതിർന്നവരും അനുബന്ധ രോ​ഗങ്ങൾ ഉള്ളവരുമൊക്കെ കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. ജനുവരി 2 മുതൽ മാർച്ച് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം 5,451 H3N2 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  • പനി
  • ചുമ‌
  • മൂക്കൊലിപ്പ്
  • ശരീരവേദന
  • ഛർദി
  • ഓക്കാനം
  • വയറിളക്കം‌

രോ​ഗപ്രതിരോധത്തിനായി ഐ.സി.എം.ആർ. പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ

രോ​ഗപ്രതിരോധത്തിനായി ഐ.സി.എം.ആർ. പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ

  • വെള്ളവും സോപ്പും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
  • മാസ്ക് ഉപയോ​ഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
  • മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
  • ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക.
  • പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
  • പൊതുയിടത്ത് തുപ്പാതിരിക്കുക.
  • ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker