CrimeFeaturedHome-bannerKeralaNews

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക; ഇരട്ടക്കൊലക്കേസ് പ്രതിയെ ലോഡ്‌ജിൽ മദ്യപിക്കുന്നതിനിടെ വെട്ടിക്കൊന്നു

തിരുവനന്തപുരം∙ തലസ്ഥാനത്ത് ഗുണ്ടാകുടിപ്പകയെ തുടർന്ന് വീണ്ടും കൊലപാതകം. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ്‌ എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന് വെട്ടേറ്റു.തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

നിരവധി കേസുകളിൽ പ്രതിയായ മണിച്ചനും സുഹൃത്തും ഹരികുമാറും രണ്ടുദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാത്രി മദ്യപിക്കാനായി ഇവർക്കൊപ്പം ദീപക് ലാലും അരുണും ഉണ്ടായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. 2011ലെ ഇരട്ടക്കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ രണ്ട് പ്രതികൾ പൊലീസിന്‍റെ പിടിയിലായി. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. ഇന്നലെ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.

തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കുന്ന വിധത്തിലാണ് കുറെ നാളുകളായി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം എന്നാണ് ഉയരുന്ന വിമര്‍ശനം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.

തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യുന്ന മിക്ക അക്രമ സംഭവങ്ങള്‍ക്കും പിന്നിൽ ലഹരി മാഫിയ സംഘങ്ങളാണുള്ളത്. ലഹരിയുടെ ഒഴുക്ക് തടയാൻ പൊലീസിനും – എക്സൈസിനും കഴിയുന്നില്ല. കുടിപ്പകക്കൊപ്പം ലഹരി അടിമകളായ സംഘം നിസ്സാരകാര്യങ്ങൾക്ക് പോലും തലസ്ഥാനത്ത് അക്രമം നടത്തുന്നു.  ലഹരി മാഫിയയെ തടയാൻ പല പേരിലുള്ള പല ഓപ്പറേഷനുകളും നിലവിലുണ്ട്. പക്ഷെ ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ കഴിയുന്നില്ല. സ്കൂൾ കുട്ടികൾ വരെ സംഘത്തിലെ കണ്ണികളാകുന്ന അതീവ ഗൗരവസ്ഥിതിയാണ് നിലവിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker