പട്ന: ജനനം മുതല്‍ മരണം വരെയും സെല്‍ഫിയെടുക്കുന്നവരാണ് ഇന്ത്യക്കാര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സെല്‍ഫി മരണങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. സെല്‍ഫി ഏടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍പെട്ട ധാരാളം ആള്‍ക്കാരുടെ വാര്‍ത്തകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ തലയ്ക്കു വെടിയേറ്റ പതിനേഴുകാരൻ മരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലുള്ള ഇമാലിയെ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ബിജെപി പ്രവർത്തകനായ ഓം പ്രകാശ് സിങ്ങിന്റെ മകൻ ഹിമാൻസു കുമാർ ഏലിയാസ് കുനാലാണ് സ്വയം വെടിവച്ച് മരിച്ചത്.സെൽഫി എടുക്കാനായി പിതാവിന്റെ ലൈസൻസുള്ള തോക്ക് കൈവശംവച്ച പതിനേഴുകാരൻ അബദ്ധത്തിൽ തലയിലേക്ക് കാഞ്ചി വലിക്കുകയായിരുന്നെന്നാണ് വിവരം.
ആശുപത്രിയിൽ എത്തിച്ച ശേഷമാണ് കുനാൽ മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുനാൽ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കയ്യേറ്റം ചെയ്തു. പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
അതേസമയം സ്വയം വെടിവച്ചതാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെങ്കിലും കൊലപാതകം ഉൾപ്പെടെയുള്ള സാധ്യതകൾ അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.