ഗാസയിലെ ആശുപത്രി ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ, 100 മില്യൺ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി
ദുബായ്: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ആക്രമണത്തെ സൌദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു.
ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു. ബൈഡൻ, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദൻ റദ്ദാക്കിയത്.
അതേസമയം ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.
ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ലോകം മുഴുവൻ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകർത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.
അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയിൽ നിന്ന് തന്നെ നിരവധി റോക്കറ്റുകൾ ബോംബാക്രമണം തുടങ്ങിയിരുന്നുവന്നും അങ്ങനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടതെന്ന് ഇസ്രായേൽ സൈനിക വക്താവും അറിയിച്ചു.
ഐഡിഎഫ് പ്രവർത്തന സംവിധാനങ്ങൾ വിശകലനം ചെയ്തപ്പോൾ, ഗാസയിൽ നിന്ന് മിസൈൽ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. ഇന്റലിജൻസ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേൽ സൈനിക വക്താവ് ട്വീറ്റിൽ കുറിച്ചു.
മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിലാണ് അർധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും നിരവധിപേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വീട് വിട്ട ആയിരങ്ങൾ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്.
ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂർണ്ണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് അറിയിച്ചിരുന്നു.