ന്യൂഡൽഹി: രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് നൽകുക കോവാക്സിൻ. സൗജന്യമായിട്ടായിരിക്കും സർക്കാർ വാക്സിൻ നൽകുക. ജനുവരി 1 മുതൽ വാക്സിൻ രജിസ്ട്രേഷൻ ആരംഭിക്കും.
2007നോ അതിന് മുമ്പോ ജനിച്ച കുട്ടികളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഓൺലൈൻ വഴി മാത്രമല്ല ഓഫ്ലൈൻ ആയും വാക്സിൻ കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതേസമയം രണ്ടാം ഡോസ് എടുത്തതിന് ശേഷം ഒൻപത് മാസം പൂർത്തിയായതിന് ശേഷമാണ് ബൂസ്റ്റർ ഡോസിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഇതിന് വേണ്ടി നിലവിലുള്ള കോവിൻ അക്കൗണ്ട് ഉപയോഗിക്കാം. അവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ ഈ അധിക ഡോസ് വാക്സിൻ എടുത്ത കാര്യം കൂടി പരാമർശിക്കുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
15-നും 18- നും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങുക. ജനുവരി 10 മുതൽ കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗികൾക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.