തിരുവനന്തപുരം: കൊറോണ രോഗികള്‍ക്കും നീരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇതിനായുള്ള മാര്‍ഗ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് ആരോഗ്യ വകുപ്പിന്റെ പട്ടികയില്‍ ഉള്ളവര്‍ക്കും തെരഞ്ഞെടുപ്പിന് തലേദിവസം മൂന്ന് മണി വരെ പോസിറ്റീവാകുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നാണ് മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ പട്ടികയില്‍ പേര് വന്നാല്‍ രോഗം മാറിയാലും തപാല്‍വോട്ട് തന്നെ ചെയ്യാനായിരിക്കും അവസരം. തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുന്‍പ് തന്നെ ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റ് ജില്ലകളില്‍ കുടുങ്ങി പോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കാം.
മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബര്‍ എട്ടിനും രണ്ടാം ഘട്ടം ഡിസംബര്‍ പത്തിനും മൂന്നാം ഘട്ടം ഡിസംബര്‍ 14 നും നടക്കും. ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 10 ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16 നാണ് ഫല പ്രഖ്യാപനം.