തിരുവനന്തപുരം: ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഗ്രീഷ്മ നടത്തിയത് സമര്‍ത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. കോടതിക്ക് മുമ്പില്‍ തൊഴുകയ്യോടെ കുടുംബം നിന്നു. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായി ഗ്രീഷ്മ മാറി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം.ബഷീറാണ് ശിക്ഷ വിധിച്ചത്.
നേരത്തെ കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ(22) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. സമാനതകളില്ലാത്ത കുറ്റകൃത്യം നടന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതേവിട്ടു. തെളിവുനശിപ്പിച്ചതിന് അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ആണ്‍സുഹൃത്തായ മുര്യങ്കര ജെ.പി. ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജി(23)നെ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയ്‌ക്കെതിരേ കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അമ്മ സിന്ധുവിനെ വെറുതേവിട്ടത്. സൈനികനുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കൊലപാതകം ആസൂത്രണംചെയ്യുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.