Kerala

കനാലിൽ മീൻപിടിക്കാനെത്തി, ലഭിച്ചത് ഉഗ്ര സ്ഫോടക ശേഷിയുള്ള ഗ്രനേഡ്

മാവേലിക്കര: കനാൽ വെള്ളത്തിൽ നിന്നും മീൻപിടുത്തക്കാർക്ക് ലഭിച്ച ഗ്രനേഡ് പൊലീസ് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. മാവേലിക്കര കുറത്തികാട് വസൂരിമാല ക്ഷേത്രത്തിന് സമീപം ടിഎ കനാലിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി വീശുവലയ്ക്ക് മീൻ പിടിക്കുകയായിരുന്നവർക്ക് ഗ്രനേഡ് ലഭിച്ചത്. സംശയം തോന്നിയ ഇവർ വിവരം കുറത്തികാട് പോലീസിനെ അറിയിച്ചു. 

എസ്എച്ച്ഒ,  സി നിസ്സാമിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഗ്രനേഡ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ എറണാകുളത്തു നിന്നും ബോംബ് ഡിസ്പോസൽ സ്ക്വാഡ് എസ് ഐ, എസ് സിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കുറത്തികാട്ടെത്തി ഗ്രനേഡ് പരിശോധിക്കുകയും സ്ഫോടന ശേഷിയുണ്ടെന്ന നിഗമനത്തിൽ  നിർവീര്യമാക്കാൻ തീരുമാനിച്ചു. സ്റ്റേഷന് സമീപമുള്ള പഞ്ചായത്ത് ഗ്രൗണ്ട് ഇതിനായി ആദ്യം തെരഞ്ഞെടുത്ത് മണൽ ചാക്കുകൾ അടുക്കിയെങ്കിലും  സുരക്ഷിതത്വം കണക്കിലെടുത്ത് കോമല്ലൂർ തെക്ക് പാടശേഖരത്ത് ഇതിനുള്ള ക്രമീകരണമൊരുക്കുകയും ഗ്രനേഡ് നിർവീര്യമാക്കുകയുമായിരുന്നു. 

ഉഗ്ര സ്ഫോടനത്തോടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. വിവരം അറിഞ്ഞ് ധാരാളം ആളുകളും സ്ഥലത്ത് കൂടിയിരുന്നു. 250 യാർഡിൽ അപകടമുണ്ടാക്കുവാനും ഒന്പത് മീറ്റർ പരിധിയിൽ ആളുകൾക്ക് ജീവഹാനിയുണ്ടാക്കാനും കഴിയുന്ന തരത്തിൽ പ്രഹരശേഷിയുള്ള ഗ്രനേഡായിരുന്നു ഇതെന്ന് എസ് ഐ സാബിത്ത് പറഞ്ഞു. ആരോ ഉപേക്ഷിച്ച  ഗ്രനേഡ് വെള്ളത്തിൽ ഒഴുകിയെത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button