ന്യൂഡൽഹി: പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. ‘‘സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും’’ – മന്ത്രി കൂട്ടിച്ചേർത്തു.
ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. മൂന്നാം വട്ടം അധികാരത്തിലേറിയ സർക്കാരിന്റെ ഭൂരിപക്ഷത്തെ തടഞ്ഞുനിർത്തിയത് തൊഴില്ലില്ലായ്മയും കൂടിയായിരുന്നുവെന്നാണ് വിലയിരുത്തൽ.
ന്യൂഡല്‍ഹി: മുദ്രാലോണുകളുടെ പരിധി 20 ലക്ഷമായി ഉയര്‍ത്തി. നിലവിലുള്ള പത്തുലക്ഷത്തില്‍നിന്നാണ് മുദ്രാവായ്പ പരിധി 20 ലക്ഷമായി ഉയര്‍ത്തിയത്. ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂ നീക്കിവെയ്ക്കുന്നതായും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവെച്ചു.
ഗ്രാമീണ, നഗര മേഖലകളില്‍ മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും. വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കായി ഡോര്‍മിറ്ററി പോലെ റെന്റല്‍ ഹൗസിങ് സൗകര്യം. നഗരമേഖലകളിലെ ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കും മധ്യവര്‍ഗകുടുംബങ്ങള്‍ക്കും ഭവനപദ്ധതിക്കായി പത്ത് ലക്ഷം കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. ബിഹാറില്‍ ദേശീയ പാത വികസനത്തിന് 26,000 കോടി രൂപയാണ് അനുവദിച്ചത്. ബിഹാറിന് വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചു.ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതി. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും. പട്‌ന- പൂര്‍ണിയ, ബക്‌സര്‍- ബദല്‍പുര്‍, ബോധ്ഗയ- വൈശാലി എന്നീ മൂന്ന് എക്‌സ്പ്രസ് വേകളും ബിഹാറിൽ പ്രഖ്യാപിച്ചു.
ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗര വികസനത്തിന് ധനസഹായം, സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായവുമുണ്ട്. വന്‍ പദ്ധതികളും ഫണ്ടും ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ കോളടിച്ചു. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതി, ഹൈദരബാദ്-ബെംഗളൂരു വ്യവസായ ഇടനാഴി, വിശാഖപട്ടണം വ്യവസായ ഇടനാഴി തുടങ്ങിയവയിൽ വമ്പൻ പദ്ധതികളും ബജറ്റിലുണ്ട്.