കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 60 കോടി അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 60 കോടി അനുവദിച്ച് സര്‍ക്കാര്‍. 24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്ന് കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു.
ഇതോടെ ഈ മാസം കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചിലവഴിച്ചത്. നവംബര്‍ മാസം പകുതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം കിട്ടിയിരുന്നില്ല. അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശമ്പള വിതരണത്തിന് തുക അനുവദിച്ചിരിക്കുന്നത്.
ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ സൂചനാ പണിമുടക്ക് നടത്തി ഒരാഴ്ച പിന്നിട്ടിട്ടും ശമ്പള പരിഷ്കരണത്തില്‍ തീരുമാനമാകുകയോ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം വിതരണം ചെയ്യുകയോ ചെയ്തിരുന്നില്ല. പ്രതിമാസം 80 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. ഒക്ടോബര്‍ മാസത്തില്‍ ആകെ 113 കോടിയായിരുന്നു വരുമാനം.
ഇതില്‍ 60 കോടിയോളം ഇന്ധനച്ചെലവിനും പാര്‍ട്സിനുമായി ഉപയോഗിച്ചു. കണ്‍സോര്‍ഷ്യം വായപയ്ക്കുള്ള തിരച്ചടവുകൂടി കഴിഞ്ഞപ്പോള്‍ ഇതില്‍ കാര്യമായ നീക്കയിരുപ്പില്ല. നിലവില്‍ പെന്‍ഷന് പുറമേ ശമ്പളത്തിനും സര്‍ക്കാരില്‍ നിന്നുള്ള സഹായം കെഎസ്ആര്‍ടിസിക്ക് അനിവാര്യമാണ്. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.