ചെന്നൈ: ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ രവി യോഗ്യനല്ലെന്ന് അറിയിച്ചാണ് കത്തയച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിന് പിന്നാലെ മന്ത്രി സെന്തില്‍ ബാലാജിയെ ‘ഏകപക്ഷീയമായി’ പിരിച്ചുവിട്ടതുള്‍പ്പെടെ സംസ്ഥാനത്ത് ഗവര്‍ണര്‍ നടത്തിയ നിയമലംഘനങ്ങളും കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മന്ത്രിമാരെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ല. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് ഗവര്‍ണര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നുവെന്നതും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുന്ന രീതിയാണ് ഗവര്‍ണറുടേത്. ആര്‍എന്‍ രവി തമിഴ്‌നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും സ്റ്റാലിന്‍ കത്തിലൂടെ രാഷ്ട്രപതിയെ അറിയിച്ചു.
മതേതരത്വത്തില്‍ വിശ്വസിക്കുന്നയാളല്ല നിലവിലെ ഗവര്‍ണര്‍. തമിഴ്‌നാടിന്റെ പേര് മാറ്റണമെന്ന ആവശ്യം അദ്ദേഹത്തിന് സംസ്ഥാനത്തോടുള്ള വെറുപ്പ് വെളിവാക്കുന്നതാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് സ്റ്റാലിന്‍ 19 പേജുള്ള കത്ത് അവസാനിപ്പിച്ചത്.
കത്തിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ‘അഴിമതിക്കാരനായ സ്റ്റാലിന്റെ വിങ്ങല്‍’ എന്ന് കത്തിനെ ബിജെപി പരിഹസിച്ചു. സ്റ്റാലിനും ഡിഎംകെ സര്‍ക്കാരും മണല്‍ക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും കളിപ്പാവയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ വ്യാപകമായ അഴിമതിയുടെ ഉത്തരവാദി എങ്ങനെയാണ് ഗവര്‍ണര്‍ ആവുകയെന്നും അണ്ണാമലൈ ചോദിച്ചു