തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ലെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സജി ചെറിയാന്‍ രാജിവെച്ചത് ഭരണഘടനാ ലംഘനത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനുമാണ്. സാധാരണ ഗതിയില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കണ്ടതാണ്. എന്നാല്‍ ഇത് അത്തരം ഒരു സാധാരണ സാഹചര്യമല്ല.
അദ്ദേഹം പറഞ്ഞത് എന്ത് തന്നെയും ആവട്ടെ, അതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. അതില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടത്. രാജിവെച്ച സാഹചര്യത്തില്‍ എന്ത് മാറ്റമാണുണ്ടായത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാവും തുടര്‍ നടപടികളെന്നും ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.