തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലെ രാഷ്ട്രീയ ഇടപെടലുകളില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല നിയമനങ്ങളില്‍ സ്വജനപക്ഷപാതമാണ് നടക്കുന്നത്. രാഷ്ട്രീയ അതിപ്രസരത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം വളരെ മികച്ചതാണ്. എന്നാല്‍ ഉന്നത പഠനത്തിനായി വിദ്യാര്‍ഥികള്‍ക്ക് കേരളം വിടേണ്ട അവസ്ഥയാണുള്ളത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ശക്തമാണ്. സര്‍വകലാശാലകളില്‍ ഉന്നത പദവികളിലെല്ലാം ഇഷ്ടക്കാരുടെ നിയമനം തകൃതിയായി നടക്കുന്നുവെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ തന്റെ കൈ കെട്ടിയിടാനാണ് ശ്രമം നടക്കുന്നത്. ചാന്‍സലര്‍ ഭരണഘടനാ പദവിയല്ല. ഈ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാണ് ഇപ്പോഴത്തെ തന്റെ ആവശ്യം. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണം. ഇതില്‍ ഒപ്പിടാന്‍ തയാറാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.