അഫ്ഗാനിസ്ഥാനില്‍ അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ വിമാനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ വിമാനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ അഫ്ഗാന്‍ മാധ്യമങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് തകര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ വിമാനമോ, നോണ്‍ ഷെഡ്യൂള്‍ഡ് ചാര്‍ട്ടര്‍ വിമാനമോ അല്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്.
അപകടത്തില്‍പ്പെട്ടത് ഒരു ചെറിയ മൊറോക്കന്‍ വിമാനമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു. നേരത്തെ റഷ്യന്‍ വ്യോമയാന അധികൃതര്‍ ഒരു വിമാനം കാണാതായതായി സ്ഥിരീകരിച്ചിരുന്നു.
റഷ്യന്‍ രജിസ്‌ട്രേഷനുള്ള ഒരു വിമാനം, ആറ് യാത്രക്കാരുമായിട്ടാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ വിമാനം കാണാതായത്. അതേസമയം ഇവ തകര്‍ന്ന് വീണതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് അഫ്ഗാന്‍ പോലീസ് പറഞ്ഞു.
അതേസമയം അപകടത്തില്‍പ്പെട്ട വിമാനം ചാര്‍ട്ടര്‍ ആംബുലന്‍സ് ആണെന്നും, ഇവ ഇന്ത്യയില്‍ നിന്നാണ് പുറപ്പെട്ടതെന്നും റഷ്യന്‍ വ്യോമയാന അധികൃതര്‍ പറഞ്ഞിരുന്നു. ഉസ്‌ബെക്കിസ്ഥാന്‍ വഴി മോസ്‌കോയിലേക്കായിരുന്നു ഈ വിമാനത്തിന്റെ റൂട്ട്. ഫ്രഞ്ച് നിര്‍മിത ദസോള്‍ട്ട ഫാല്‍ക്കണ്‍ 10 ജെറ്റാണിതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈന, താജിക്കിസ്ഥാന്‍, പാകിസ്താന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ബദാക്ഷാന്‍ പ്രവിശ്യയിലാണ് വിമാനം തകര്‍ന്ന് വീണത്. എന്നാല്‍ കൃത്യമായ ലൊക്കേഷന്‍ വ്യക്തമല്ലെന്നും എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടേക്ക് രക്ഷാപ്രവര്‍ത്തക സംഘത്തെ അയച്ചിട്ടുണ്ടെന്ന് പ്രൊവിഷണല്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗം അധ്യക്ഷന്‍ സബീഹുല്ല അമീരി പറഞ്ഞു. ഇവിടെയുള്ള ജനങ്ങളാണ് വിവരങ്ങള്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.