ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം സംസ്ഥാനത്ത് മദ്യവില കുത്തനെ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. മദ്യത്തിന്മേലുള്ള നികുതി കൂട്ടാനാണ് ആലോചന. നിലവില്‍ മദ്യത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് മദ്യവില്പന പുനരാരംഭിച്ച ഡല്‍ഹിയും ഉത്തര്‍പ്രദേശും നികുതി കൂട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നികുതി കൂട്ടാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണ് മദ്യവില്പന. ലോക്ക് ഡൗണ്‍ നിലവില്‍വന്നതോടെ മദ്യവില്പനശാലകളും ബാറുകളും പൂട്ടി. ഇതോടെ സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ താഴ്ന്നു. ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ മദ്യനികുതി കൂട്ടണമെന്ന നിര്‍ദ്ദേശം ധനവകുപ്പാണ് മുന്നോട്ട് വച്ചിരിക്കുന്നത്. രാഷ്ട്രീയ തീരുമാനത്തിന്റെ കൂടെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.