KeralaNews

ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചു, സർക്കാരിന്റെ വാർഷികാഘോഷവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളോട് പ്രതിപക്ഷം സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചെന്ന് ആരോപിച്ചാണ് പരിപാടികളോട് നിസഹകരിക്കാനുള്ള തീരുമാനം. ജനജീവിതം കൂടുതല്‍ ദുസഹമാകുന്ന അതേദിവസം തന്നെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടങ്ങുന്നുവെന്നത് ഏറ്റവും വലിയ വിരോധാഭാസമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളെ എത്തിച്ചിട്ടാണ് അഘോഷവും പരസ്യവുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കൊണ്ടാണ് ചരിത്രത്തില്‍ ഇല്ലാത്ത അധിക നികുതിഭാരം ജനങ്ങളുടെമേല്‍ വരുന്നത്. നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായി.

സര്‍ക്കാരിന്റെ പരാജയം സാധാരണക്കാരനുമേല്‍ കെട്ടിവയ്ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. സ്വാഭാവിക വിലക്കയറ്റത്തിനൊപ്പം കൃത്രിമ വിലക്കയറ്റം കൂടി ഇന്ന് മുതല്‍ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയായിരുന്നു.

രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ സാധാരണക്കാരന്‍ പ്രയാസപ്പെടുന്ന സമയത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. അത് കൂടാതെയാണ് ജനങ്ങളുടെമേല്‍ അധികനികുതിഭാരം അടിച്ചേല്‍പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രഷറി പൂട്ടുമെന്ന് പറഞ്ഞിട്ട് പൂട്ടിയില്ലല്ലോ എന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി ഇന്നലെ ചോദിച്ചത്. ട്രഷറി പൂട്ടുന്നതിനേക്കാള്‍ ദയനീയമായ സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. ഒരു പണവും കൊടുക്കാന്‍ പറ്റുന്നില്ല. മാര്‍ച്ച് 29-ന് അക്ഷരാര്‍ഥത്തില്‍ ട്രഷറി പൂട്ടിയതാണ്.

പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട കോടി കണക്കിന് രൂപയാണ് കൊടുക്കാന്‍ ഉള്ളത്. നയാ പൈസ ഇല്ലാതെ, കടക്കെണി മറച്ച് വച്ചാണ് സര്‍ക്കാര്‍ മുന്നോട് പോകുന്നത്. നികുതിക്കൊള്ളയാണ് നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker