KeralaNews

ഐ ഫോണ്‍ അടക്കം രണ്ടുഫോണുകള്‍ പരിശോധിച്ചിട്ടും ഹാക്കിംഗിന്റെ തെളിവില്ല, മല്ലു ഹിന്ദു ഗ്രൂപ്പുണ്ടാക്കിയത് കെ.ഗോപാലകൃഷ്ണന്‍ തന്നെ; നടപടിയ്ക്ക് സര്‍ക്കാര്‍

തിരുവനന്തപുരം: മല്ലു മത വാട്ട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് എതിരെ കടുത്ത നടപടിക്ക് സാധ്യത. ഡിജിപി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയ ശേഷം നടപടി ഉണ്ടാകാനാണ് സാധ്യത. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറന്‍സിക് പരിശോധനയിലും മെറ്റയുടെ റിപ്പോര്‍ട്ടിലുമുള്ളത്.

മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണമാണ് കെ.ഗോപാലകൃഷ്ണന്‍ നേരിടുന്നത്്. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടിയത്. ഐ ഫോണ്‍ ഉള്‍പ്പെടെ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രണ്ടുഫോണുകള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഹാക്ക് ചെയ്തതിന് തെളിവില്ലെന്ന് മെറ്റ അധികൃതരും പൊലീസിനെ അറിയിച്ചു. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതിനാല്‍ തെളിവ് കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തല്‍ ഗോപാലകൃഷ്ണന് തിരിച്ചടിയായേക്കും.

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ സജീവമല്ലാത്തിനാല്‍ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നാണ് മെറ്റ നേരത്തെ നല്‍കിയ വിശദീകരണം. രണ്ടു റിപ്പോര്‍ട്ടുകളും ഫലത്തില്‍ ഗോപാലകൃഷ്ണന്റെ വാദം തള്ളുന്നതാണ്. ഹാക്കിംഗ് തെളിയണമെങ്കില്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യാന്‍ പാടില്ലായിരുന്നു. പരാതിക്കാരന്‍ തന്നെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്നാണ് കമ്മീഷണര്‍ ഡിജിപിയെ അറിയിച്ചത്. ഹാക്കിങ് നടന്നതിന് തെളിവില്ലാത്തിനാല്‍ എന്താണ് സംഭവിച്ചതെന്ന് ഇനി രേഖാമൂലം വിശദീകരിക്കേണ്ടത് കെ.ഗോപാലകൃഷ്ണനാണ്.

ഗോപാലകൃഷണന്‍ തന്നെ ഗ്രൂപ്പുകളുണ്ടാക്കിയെന്നാണ് സംശയം. മതത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ വേര്‍തിരിച്ച് ഗ്രൂപ്പുണ്ടാക്കിയത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ നടപടി വേണ്ടിവരും. ഇതിനിടെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഗോപാലകൃഷ്ണനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം മറ്റൊരു വിഭാഗം ഗ്രൂപ്പ് വിവാദത്തില്‍ കടുത്ത അതൃപ്തരുമാണ്.

അതേസമയം, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ ഫേസ്ബുക്കിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനോട് വിശദീകരണം തേടാനും തീരുമാനമായി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ ‘ചിത്തരോഗി’ എന്നാണ് എന്‍.പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ചത്. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലിരിക്കെയായിരുന്നു പ്രശാന്തിന്റെ അധിക്ഷേപം.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ ഫോട്ടോ സഹിതമാണ് ഇന്ന് രാവിലെ പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐ.എ.എസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്’ എന്ന കുറിപ്പോടെയായിരുന്നു ഇത്.

‘ബഹു. മന്ത്രിയുടെ അനുമതിയോടെയും നിര്‍ദ്ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ ‘അദര്‍ ഡ്യൂട്ടി’ മാര്‍ക്ക് ചെയ്യുന്നതിനെ ‘ഹാജര്‍ ഇല്ല’ എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിനുപിന്നില്‍ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്! ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വ്വാഹമില്ല.

വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോള്‍ പോസ്റ്റാം. കാര്യം അറിയാവുന്നവര്‍ക്ക് താഴെ കമന്റാം. എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ…’ -എന്നായിരുന്നു പോസ്റ്റ്.

മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ-വാണിജ്യ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരെയും ജയതിലകിനെതിരെയും ഇന്നലെ പ്രശാന്ത് രംഗത്തുവന്നിരുന്നു. ‘സ്വയം കുസൃതികള്‍ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരില്‍ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ചിലരുടെ ഓര്‍മ്മശക്തി ആരോ ‘ഹാക്ക്’ ചെയ്തതാണോ എന്നൊരു സംശയം! ‘മെറ്റ’ക്കൊരു കത്തയച്ചാലോ’ എന്നായിരുന്നു പരിഹാസ രൂപേണയുള്ള ചോദ്യം. സിവില്‍ സര്‍വിസ് ഉന്നതോദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളായിരുന്നു ഇതില്‍ വെളിപ്പെടുത്തിയത്.

താന്‍ ചെയര്‍മാനായിരുന്ന എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള ‘ഉന്നതി’യുമായി ബന്ധപ്പെട്ട ഒരു പത്രവാര്‍ത്തയെ വിശകലനം ചെയ്തായിരുന്നു ഈ കുറിപ്പ്. തനിക്കെതിരായ വാര്‍ത്തക്ക് പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും അദ്ദേഹം പറഞ്ഞു. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്തരോഗി. തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്’ -പ്രശാന്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker