KeralaNews

മാപ്പ് പറച്ചില്‍ ഔദാര്യമല്ല! പി കെ ശ്രീമതി അപകീര്‍ത്തിക്കേസ് അവസാനിപ്പിച്ചത് ബി ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍; ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ

തിരുവനന്തപുരം: അപകീര്‍ത്തിക്കേസില്‍ ഖേദപ്രകടനം തന്റെ ഔദാര്യമെന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റെന്ന് പി കെ ശ്രീമതി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പി കെ ശ്രീമതി പറഞ്ഞു. അതേ സമയം ഖേദം പ്രകടിപ്പിക്കാന്‍ ഗോപാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചെന്നാണ് ഒത്തു തീര്‍പ്പ് രേഖയില്‍ വ്യക്തമാകുന്നത്.

തന്റെ ഔദാര്യമാണ് ഖേദ പ്രകടനം എന്നായിരുന്നു ഗോപാലകൃഷ്ണന്റ് വാദം. എന്നാല്‍ ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ വ്യക്തമാക്കുന്നു.ഗോപാലകൃഷ്ണന്റെ വാദത്തോടും ഫേസ്ബുക് പോസ്റ്റിനോടും തത്കാലം മറുപടിയില്ലെന്ന് പി കെ ശ്രീമതി വ്യക്തമാക്കി.

പി.കെ.ശ്രീമതിയാണ് കോടതിയില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ വച്ചത്. മാധ്യമങ്ങളെ അറിയിക്കണമെന്ന് പറഞ്ഞതും ശ്രീമതിയാണ്. ഇതൊന്നും അറിയാതെയാണ് സൈബര്‍ ആക്രമണമെന്നായിരുന്നു ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അപകീര്‍ത്തി കേസില്‍ ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ മാപ്പു പറഞ്ഞതും മുന്‍ മന്ത്രി കൂടിയായ സിപിഎം നേതാവ് പി.കെ. ശ്രീമതി ഇത് സ്വീകരിച്ചതും.

അപകീര്‍ത്തിക്കേസില്‍ സിപിഎം നേതാവ് പി.കെ.ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് വിശദീകരണവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നത്. ശ്രീമതി ടീച്ചറോടുള്ള മാപ്പ് തന്റെ ഔദാര്യമാണെന്നും ബന്ധുക്കള്‍ കളിയാക്കുന്നെന്ന് പറഞ്ഞ് ടീച്ചര്‍ കരഞ്ഞുവെന്നുമാണ് ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്കിലൂടെയുള്ള വിശദീകരണത്തില്‍ പറഞ്ഞത്.

കേരള രാഷ്ട്രീയത്തിന് താനൊരു മാതൃക കാണിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മാപ്പ് പറച്ചിലിന് പിന്നാലെ ഉണ്ടായ സൈബറിടങ്ങളിലെ പരിഹാസങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമുള്ള മറുപടി കൂടിയായിട്ടാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.

2018 ജനുവരി 25-ന് ചാനല്‍ച്ചര്‍ച്ചയില്‍ ശ്രീമതിക്കും കുടുംബത്തിനുമെതിരേ നടത്തിയ പരാമര്‍ശത്തിലാണ് മാധ്യമങ്ങള്‍ക്കുമുന്‍പില്‍ പരസ്യമായി മാപ്പുപറഞ്ഞത്. ഒത്തുതീര്‍പ്പിനായി ഇരുവരും വ്യാഴാഴ്ച ഹൈക്കോടതിയില്‍ എത്തിയിരുന്നു.

ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കേ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്ന് മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ചാനല്‍ച്ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ശ്രീമതി കേസ് ഫയല്‍ചെയ്തു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കി. ഒടുവില്‍ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തുകയായിരുന്നു. ശ്രീമതിയുടെ മകനെതിരേ സംസാരിച്ചത് പി.ടി. തോമസ് സംസാരിച്ചതുകൊണ്ടാണെന്നും കൃത്യമായി തെളിവില്ലെന്ന് പിന്നീട് മനസ്സിലായെന്നും അതിനാലാണ് ഖേദം പ്രകടിപ്പിച്ചതെന്നും ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് യാതൊരു താല്‍പര്യവും ഇല്ലായിരുന്നു. പക്ഷെ എന്താണ് സംഭവമെന്ന് എല്ലാവരും അറിയണമല്ലോ. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഔദാര്യമാണ് എന്റെ ഖേദം, ഇത് മാതൃകയാകട്ടെ എന്ന് കരുതി രേഖപ്പെടുത്തിയതാണ്. കോടതി പറഞ്ഞിട്ടൊ കേസ്സ് നടത്തിയിട്ടൊ അല്ല. ഒരു സ്ത്രീയുടെ അന്തസ്സിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞപ്പോള്‍ അന്തസ്സായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഞാന്‍ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്.

ശ്രീമതി ടീച്ചറുടെ മകന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടര്‍ ആണന്നും ശ്രീമതി ടീച്ചര്‍ ആരോഗ്യ മന്ത്രിയായ കാലത്ത് അനഭിമത ഇടപാട് നടത്തിയെന്നുമുള്ള അന്തരിച്ച എം.എല്‍.എ പി.ടി തോമസിന്റെ അരോപണം ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതായിരുന്നു എനിക്കെതിരെയുള്ള ആരോപണം.

എനിക്കെതിരെ കേസ്സ് കൊടുത്ത ടീച്ചറോട്, ടീച്ചറുടെ വക്കീല്‍ പറഞ്ഞു ‘കേസ് നിലല്‍ക്കില്ല കാരണം പി.ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ആവര്‍ത്തിച്ചതാണ്’. ഇത് മനസ്സിലാക്കിയ വക്കീല്‍ ടീച്ചറെ ഉപദേശിച്ചു ഒത്തുതിര്‍പ്പ് വെച്ച് തീര്‍ക്കുക കണ്ണൂര്‍ കോടതിയില്‍ ഒത്ത് തീര്‍പ്പ് വെച്ചു. ഒത്ത് തീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ ജില്ലയിലെ അവരുടെ ബന്ധുക്കള്‍ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടന്ന് വിശ്വസിക്കുന്ന ഞാന്‍ രാഷട്രീയത്തിന്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു.

ഇതാണ് ഖേദം, കേസ് തീര്‍ന്നപ്പോള്‍ ടീച്ചര്‍ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. ടീച്ചര്‍ വിളിച്ച് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ എനിക്ക് പോകാമായിരുന്നു. കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു. കേരള രാഷ്ടീയത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു മാതൃകയാകട്ടെ എന്റെ ഖേദം എന്ന് ഞാന്‍ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്.

ആരും പറയിപ്പിച്ചതല്ല ആവശ്യപ്പെട്ടതുമല്ല പറയേണ്ട കാര്യവും എനിക്കില്ല കേസ്സ് നടത്തിയിട്ടുമില്ല നടത്തിയാല്‍ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല. പക്ഷെ എന്റെ അന്തസ്സായ രാഷ്ട്രീയ തീരുമാനമായി ഞാന്‍ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികള്‍ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു.’ശ്രീമതി ടീച്ചര്‍ എന്നോട് നന്ദിയും നല്ലത് വരും എന്ന് പറഞ്ഞാണ് പിരിഞ്ഞത് അത് എന്തുകൊണ്ട് എന്ന് അന്തം കമ്മി കളെ അറിയുക.

മറ്റൊരു പ്രധാന കാര്യം ടീച്ചറോട് ഞാന്‍ dyfi നേതാവ് അരുണ്‍ കുമാര്‍ സാക്ഷി നിര്‍ത്തി പറഞ്ഞു, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ കണ്ണൂരിലെ പ്രസിദ്ധ സിപിഎം നേതാക്കളായി അന്തരിച്ച ചിലരുടെ മക്കളാണന്ന രേഖകള്‍ മനോരമ പത്രത്തില്‍ വന്നിട്ടുണ്ടായാരുന്നു. ഈ കാര്യം പറയരുതെന്ന ടീച്ചറുടെ അഭിപ്രായം ഞാന്‍ അംഗീകരിച്ചത് രാഷ്ട്രീയ അന്തസ്സിന് വേണ്ടിയാണ്. സിപിഎം നേതാക്കളുടെ മക്കളുടെ പേര് ഉണ്ടായിരുന്നങ്കിലും ടീച്ചറുടെ മകന്റെ പേര് കണ്ടെത്തിയില്ലാത്ത സാഹചര്യത്തിലാണ് എന്റെ സ്വന്തം തീരുമാനപ്രകാരം ഖേദം രേഖപ്പെടുത്തിയത്.

അത് ദുര്‍വ്യഖ്യാനം ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു അന്തസ്സുള്ളവര്‍ക്ക് മനസ്സിലാകും അല്ലാത്തവര്‍ കുരക്കും. ഞാന്‍ അന്തസ്സിന് നിരക്കാത്തതായി ഒന്നും ചെയ്യില്ല എന്റെ നിശ്ചയത്തില്‍ നിന്ന് പിന്നോട്ടില്ല.പണ്ട് PSശ്രീധരന്‍പിള്ളയോട് മാപ്പ് പറഞ്ഞ ദേശാഭിമാനിയും ഇപ്പോള്‍ ഞാന്‍ ഫയല്‍ ചെയ്ത മാനഹാനി കേസ്സില്‍ തൃശ്ശൂര്‍ CJ Mകോടതിയില്‍ നിന്ന് ജാമ്യമെടുത്ത് ഗോവിന്ദനും നടക്കുന്നുണ്ടെന്ന കാര്യം ഈ കൂട്ടര്‍ മറക്കണ്ട..,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker