KeralaNews

ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകം,പോലീസുകാർക്ക് ഗുഡ് വിൽ സർട്ടിഫിക്കറ്റ്

കൊച്ചി : ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്  ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ് വില്‍ സര്‍ട്ടിഫിക്കറ്റ്. ആലുവ ഡിവൈഎസ്പിയും രണ്ട് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ 48 പേര്‍ക്കാണ് അംഗീകാരം. കൃത്യം നടന്ന് മുപ്പത്തിമൂന്നാം ദിവസം കുറ്റപത്രം സമര്‍പ്പിക്കുകയും നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് തൂക്കുകയര്‍ വിധിക്കുകയും ചെയ്ത കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി,  മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിലെ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷയാണ് വിധിച്ചത്.

കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക. 

2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ് ആലുവയിൽ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്. വൈകീട്ട് 3.30 ന് ആലുവയിൽ ബസ് ഇറങ്ങിയ പ്രതി അസ്‌ഫാക്ക് ആലം കുട്ടിയുമായി മാർ‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. 3.45 ഓടെ കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് 5 മണിയോടെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.

മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി. എന്നൽ ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവൻ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചിൽ തുടർന്നു. ജൂലായ് 29, ശനിയാഴ്ച രാവിലെയും കുട്ടിക്കായി അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാർക്കറ്റിന് പിറകിൽ കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker