BusinessKeralaNews

Gold price today: സംസ്ഥാനത്ത് സ്വർണവില പിടിവിട്ട്‌ കുതിക്കുന്നു,പവന് 47,000 കടന്നു!

കൊച്ചി: സ്വര്‍ണം പവന് 50000 രൂപയിലെത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. വിശ്വസിക്കാന്‍ പ്രയാസമായിരുന്നു ആ പ്രവചനങ്ങള്‍. എന്നാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണ്. വിപണി സാഹചര്യം പൂര്‍ണമായി മാറിക്കഴിഞ്ഞു. ഓരോ ദിവസവും വില ഉയരുകയാണ്. ഇടത്തരം കുടുംബങ്ങള്‍ക്ക് പോലും സ്വര്‍ണം വാങ്ങാന്‍ പറ്റാത്ത നിലയിലേക്കാണ് കുതിപ്പ്.

ഇന്നും സ്വര്‍ണത്തിന് വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 47000 കടന്ന് കുതിക്കുകയാണ്. ഇത്രയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഒരു പവന്‍ ആഭരണം കിട്ടണമെങ്കില്‍ ചുരുങ്ങിയത് 51000 രൂപ നല്‍കേണ്ടി വരും. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞേക്കും. അവശ്യം വേണ്ടവര്‍ പഴയ സ്വര്‍ണം പുതുക്കി വാങ്ങി ഉപയോഗിക്കാനാണ് സാധ്യത.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 47080 രൂപയാണ്. 320 രൂപയാണ് ഇന്ന് ഒരു പവന് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5885 ലെത്തി. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ പവന്‍ വില 46160 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം 600 രൂപ വര്‍ധിച്ചു. മൂന്ന് ദിവസത്തിനിടെ 1000ത്തോളം രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും വില വര്‍ധിച്ചേക്കും.

ആഭരണങ്ങള്‍ക്ക് കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്. ഡിസൈന്‍ കുറഞ്ഞ ആഭരണങ്ങള്‍ക്കാണിത്. ഡിസൈന്‍ കൂടുമ്പോള്‍ പണിക്കൂലിയും വര്‍ധിക്കും. മാത്രമല്ല, കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടും. ഒരു പവന് ചുരുങ്ങിയ പണിക്കൂലി 2000 രൂപ നല്‍കേണ്ടി വരും.

ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി മാത്രം മതിയാകില്ല. വാങ്ങുന്ന സ്വര്‍ണം എത്ര വിലയ്ക്കാണോ എന്ന് പരിശോധിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. അതായത്, ചുരുങ്ങിയത് 1300 രൂപ ഒരു പവന്‍ ആഭരണത്തിന് നികുതി വന്നേക്കും.

ഇത്രയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തുമ്പോള്‍ വില്‍പ്പന കുറയുമെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. വിവാഹം പോലുള്ള ആഘോഷങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ മാത്രമാണ് സ്വര്‍ണം വാങ്ങാന്‍ തയ്യാറാകുക. ഇത്തരക്കാര്‍ മിക്കവരും അഡ്വാന്‍സ് ബുക്ക് ചെയ്തിട്ടുണ്ടാകുമെന്നും ജ്വല്ലറി വ്യാപാരികള്‍ പ്രതികരിക്കുന്നു. അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്നത്തെ വില ആശ്വാസമാണ്. ഒരു പവന് 45000 രൂപയിലധികം കിട്ടിയേക്കും.

ഡോളറിന്റെ മൂല്യത്തിലുള്ള ഇടിവാണ് സ്വര്‍ണവില വര്‍ധിക്കാന്‍ ഒരു കാരണം. 103.30ലാണ് ഡോളര്‍ ഇന്‍ഡക്‌സ്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.33 എന്ന നിരക്കിലാണ്. എണ്ണവില കുറഞ്ഞിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 78 ഡോളറിലാണുള്ളത്. വന്‍ശക്തി രാജ്യങ്ങളിലെ വിപണിയില്‍ പണപ്പെരുപ്പം വര്‍ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker