News

Gold rate today: സ്വർണ്ണ വില ഒറ്റയടിക്ക് കൂടിയത് 500 ലേറെ രൂപ; ഇന്നത്തെ വിലയിങ്ങനെ

കൊച്ചി:ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടത്തിയ സ്വര്‍ണത്തിന്റെ പവന്‍ വിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് സ്വര്‍ണത്തെ ഭൂരിഭാഗം പേരും കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ മാറ്റങ്ങളോട് സമ്മിശ്രമായാണ് പലരും പ്രതികരിക്കുന്നത്. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം നെഞ്ചില്‍ തീ കോരിയിടുകയാണ് പവന്‍ വില.

അതേസമയം വില്‍ക്കാനായി നിക്ഷേപമെന്ന നിലയില്‍ നേരത്തെ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ച് കോളടിച്ച മട്ടിലാണ്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 56200 രൂപയ്ക്കായിരുന്നു ഒരു പവന്‍ സ്വര്‍ണം വിറ്റിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ ഇത് പ്രകാരം 7025 രൂപയായിരുന്നു വില. എന്നാല്‍ 24 മണിക്കൂറിനകം കുത്തനെ കൂടിയിരിക്കുകയാണ് സ്വര്‍ണവില.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് കൂടിയത്. ഇതോടെ 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ടത്. ഒരു പവന്‍ വിലയില്‍ 560 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 56760 രൂപ ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ കൊടുക്കണം. ഈ മാസം 56000 രൂപയില്‍ താഴ്ന്നിട്ടില്ല പവന്‍ വില. ഇന്നലെ രേഖപ്പെടുത്തിയ 56200 ആണ് ഏറ്റവും താഴ്ന്ന പവന്‍ വില.

ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് ഒക്ടോബര്‍ നാലിനാണ്. 56960 ആയിരുന്നു അന്നത്തെ വില. ഒക്ടോബര്‍ അഞ്ചിനും ആറിനും ഇതേ നിരക്കിലായിരുന്നു സ്വര്‍ണ വില്‍പന. ഒക്ടോബര്‍ ഒന്നിന് 56400 ആയിരുന്നു സ്വര്‍ണവില. പിന്നീട് എല്ലാ ദിവസവും സ്വര്‍ണവില ക്രമാനുഗതമായി കൂടി. എന്നാല്‍ നാല് ദിവസം സ്വര്‍ണ വില കുറയുന്ന പ്രതീതിയായിരുന്നു കാണിച്ചത്. അങ്ങനെയാണ് ഒക്ടോബര്‍ ആറിന് 56960 ല്‍ ഉണ്ടായിരുന്ന പവന്‍വില ഒക്ടോബര്‍ 10 ആയപ്പോഴേക്കും 56200 ല്‍ എത്തിയത്.

പല ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത് എന്നതിനാല്‍ തന്നെ വില സംബന്ധിച്ച് ഒരു പ്രവചനം ആര്‍ക്കും സാധ്യമല്ല. അന്താരാഷ്ട്ര യുദ്ധങ്ങള്‍, എണ്ണവില, ഡോളര്‍ സൂചികയിലെ മാറ്റം തുടങ്ങി കാലാവസ്ഥ വരെ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ ഇരട്ടിയിലേറെ രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ അന്ന് വാങ്ങിയര്‍ക്ക് ഇന്ന് സ്വര്‍ണം വില്‍ക്കുന്നത് വഴി വലിയ ലാഭം കൊയ്യാനാകും.

രാജ്യത്ത് ഉത്സവ സീസണ്‍ വരാനിരിക്കുന്നതിനാല്‍ സ്വര്‍ണ വില ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ പവന്‍ വില 65000 കടക്കും. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് നിരക്ക്, ജിഎസ്ടി എന്നിവയെല്ലാം കൊടുക്കണം എന്നതിനാല്‍ തന്നെ ഇന്നത്തെ വില പ്രകാരം തന്നെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 60000 രൂപയോളം ചെലവാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker