തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു.ഇന്ന് പവന്‍വില 600 രൂപ വര്‍ദ്ധിച്ച് ഈമാസത്തെ ഏറ്റവും ഉയരമായ 41,720 രൂപയായി. 75 രൂപ വര്‍ദ്ധിച്ച് 5215 രൂപയാണ് ഗ്രാം വില. രണ്ടുദിവസത്തിനിടെ പവന് കൂടിയത് 1000 രൂപയാണ്. ഗ്രാമിന് 125 രൂപയും.
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്നലെ വർധിച്ചിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വർധിച്ചത്. അതായത് ഗ്രാമിന് 5,140 രൂപയിലും പവന് 41,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു 5,090 രൂപയിലും പവന് 40,720 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
സ്വർണ വില രണ്ട് ദിവസമായി കുത്തനെ ഉയർന്നതോടെ ആഭരണം വാങ്ങാനിരുന്നവർ വില കുറയാൻ കാത്തിരിക്കണോ അതോ വില ഇനിയും ഉയരും മുമ്പ് വാങ്ങിവെക്കണോ എന്ന ആശങ്കയിലാണ്. അമേരിക്കയിൽ മാന്ദ്യ സൂചനകൾ വീണ്ടും ബലപ്പെട്ടതോടെ സ്വർണത്തിന് ഇനി വില ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഡോളര്‍ ദുര്‍ബലമായത് രാജ്യാന്തര സ്വര്‍ണവില കൂടാന്‍ വഴിയൊരുക്കിയിരുന്നു. ഔണ്‍സിന് 1827.93 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നലെ 1867.3 ഡോളറിലേക്ക് ഉയര്‍ന്നത് ഇന്ത്യന്‍ വിലയിലും പ്രതിഫലിക്കുകയായിരുന്നു.