ലൈക്ക തല്ലിപ്പിരിഞ്ഞു,എമ്പുരാന്‍ റിലീസില്‍ തമ്പുരാനായി ഗോകുലം ഗോപാലന്‍; ഖുറേഷി-അബ്രാമിന്റെ വരവ് മുടങ്ങാതെ അവസാന നിമിഷം രക്ഷിച്ചു; നന്ദി അറിയിച്ചു മോഹന്‍ലാല്‍

തിരുവനന്തപുരം: ലൂസിഫര്‍ സിനിമയില്‍ എന്‍ പി ടിവിയുടെ സാമ്പത്തിക പ്രതിസന്ധി ഒരു മെസേജ് കൊണ്ട് പരിഹരിക്കുന്ന സ്റ്റീഫന്‍ നെടുമ്പളളിയുടെ മാസ്സ് സീന്‍ കണ്ട് കയ്യടിച്ചവരാണ് മലയാളി പ്രേക്ഷകര്‍. സിനിമയുടെ രണ്ടാം ഭാഗമായി എമ്പുരാന്‍ റിലീസിന് ഒരുങ്ങുമ്പോള്‍ സമാനമായ സീനില്‍ മാസ്സ് കാണിച്ചത് വ്യവസായി ഗോകുലം ഗോപാലനാണ്. ലൈക്ക പ്രൊഡക്ഷന്‍സ് വിതരണത്തിന് ഏറ്റെടുത്ത ചിത്രം റിലീസ് മുടങ്ങുമെന്ന അവസ്ഥയില്‍ എത്തിയതോടെ അവസാന നിമിഷം ശ്രീ ഗോകുലം മൂവീസ് ഏറ്റെടുക്കുകയാണ് ഉണ്ടായത്. ഇതോടെ എന്‍ പി ടിവിയുടെ ഫണ്ടിംഗ് വിഷയം തീര്‍ത്ത നെടുമ്പുള്ളിക്ക് സമാനമാണ് ഗോകുലം ഗോപാലിന്റെ ഇടപെടല്‍ എന്നാണ് സിനിമാ പ്രേക്ഷകര്‍ പറയുന്നത്. സമാനമായ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഗോകുലം മൂവീസും കൂടി എമ്പുരാനില്‍ സഹകരിച്ചതോടെയാണ് ഇത് സാധ്യമായത്. ഇതോടെ മൂന്ന് നിര്‍മാണ കമ്പനികള്‍ ഒന്നിച്ചാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളാണ് നിര്‍മാണം. ഈ അവസരത്തില്‍ തര്‍ക്കം തീര്‍ക്കാനായതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് ഗോകുലം ഗോപാലന്‍. നല്ലൊരു സിനിമ ഏത് പ്രതിസന്ധി വന്നാലും അത് അഭ്രാപാളിയില്‍ എത്തിക്കാന്‍ വൈകരുത് എന്നതാണ് തന്റെ അഭിപ്രായമെന്ന് ഗോകുലം ഗോപാലന്‍ പറയുന്നു. പറഞ്ഞ തിയതിയില്‍ തന്നെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘നല്ലൊരു സിനിമ, അതിന്റെ സാങ്കേതിക തികവുകൊണ്ടും, നിര്‍മാണ പാടവം കൊണ്ടും മികച്ചതായി നില്‍ക്കുമ്പോള്‍ ഏതൊരു പ്രതിസന്ധി വന്നാലും അത് അഭ്രാപാളിയില്‍ എത്തിക്കാന്‍ വൈകരുത് എന്നതാണ് എന്റെ അഭിപ്രായം. തര്‍ക്കങ്ങള്‍ തീര്‍ത്ത് നല്ലതിലേക്കു എത്തിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം.സിനിമ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്‍ തീരുമാനിച്ച തിയ്യതിയില്‍ തന്നെ റിലീസ് ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്’, എന്നാണ് ഗോകുലം ഗോപാലന്‍ പറഞ്ഞത്.
എമ്പുരാന്‍ റിലീസ് നീട്ടിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ശ്രീഗോകുലം മൂവീസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാഗമായതിന് പിന്നാലെ ഗോകുലം ഗോപാലന് നന്ദി പറഞ്ഞിരിക്കുകയാണ് മോഹന്‍ലാലും. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.