കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രസവം നടന്നത് ശുചിമുറിയിലെന്നാണ് സൂചന. ഫ്ലാറ്റ് 5 സി 1 ലെ ശുചിമുറിയിലാണ് രക്തക്കറ കണ്ടെത്തിയത്.
കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞെന്നാണ് മൊഴി. സമീപത്തെ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിയാനായിരുന്നു ലക്ഷ്യം. എന്നാൽ മൃതദേഹം റോഡിൽ വീഴുകയായിരുന്നു.
സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിലുണ്ടായിരുന്ന അച്ഛനേയും അമ്മയെയും മകളേയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. 15 വർഷമായി ഫ്ലാറ്റിൽ താമസിക്കുകയാണിവർ.
ഡിസിപി കെ സുദർശൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. മകൾ ഗർഭിണിയായിരുന്നുവെന്ന് മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം. കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കകമാണ് കൊലപ്പെടുത്തിയത്.