വൈക്കം: മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടി പെണ്‍കുട്ടികള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍. ഇരുവരും ഒരുമിച്ചാണു പഠിച്ചിരുന്നത്. വീട്ടില്‍ ഇവര്‍ക്കു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെങ്ങനെ കൊല്ലത്തു നിന്നു വൈക്കം മുറിഞ്ഞപുഴയില്‍ എത്തി എന്നതു വ്യക്തമല്ല.
13നു രാവിലെ 10ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു അമൃത(21)യും ആര്യ(21)യും വീട്ടില്‍ നിന്ന് ഇറങ്ങിയത്. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കൊണ്ടുപോയതായി പറയുന്നു. ഇവരുടെ ഫോണ്‍ തിരുവല്ലയില്‍ എത്തിയതോടെ സ്വിച്ച് ഓഫ് ആയി. എംസി റോഡിലൂടെയാകാം വന്നതെന്നാണു നിഗമനം. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുകയാണെന്നു വൈക്കം എസ്എച്ച്ഒ എസ്.പ്രദീപ് പറഞ്ഞു.
പുഴയിലേക്ക് ആരോ ചാടിയെന്ന സംശയത്തെത്തുടര്‍ന്നു സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസ് പാലത്തില്‍ നിന്നു ചെരിപ്പും തൂവാലയും കണ്ടെടുത്തതു കോളജ് വിദ്യാര്‍ഥിനികളായ അമൃതയുടെയും ആര്യയുടെയും മരണം സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായകമായി. മുറിഞ്ഞപുഴ പാലത്തിനു സമീപം താമസിക്കുന്ന കാവില്‍ പുത്തന്‍പുരയില്‍ ശാരംഗധരന്റെ മകള്‍ സീതാലക്ഷ്മിയാണ് ആറ്റില്‍ എന്തോ വീഴുന്ന ശബ്ദം ആദ്യം കേട്ടത്.
ആരോ മാലിന്യം എറിഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. തൊട്ടുപിന്നാലെ നിലവിളിയും കേട്ടതോടെയാണ് ആരോ ആറ്റില്‍ ചാടിയെന്ന സംശയം ഉണ്ടായതെന്ന് സീതാലക്ഷ്മി പറഞ്ഞു. തുടര്‍ന്നു നാട്ടുകാരെ വിളിച്ചുകൂട്ടി, പോലീസില്‍ അറിയിച്ചു. വൈക്കം പോലീസ് പാലത്തില്‍ നിന്നു ചെരിപ്പും തൂവാലയും കണ്ടെടുത്തതു യുവതികളുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണു കേസിനു വഴിത്തിരിവായത്.
ഇവര്‍ അഞ്ചലിലെ സ്വകാര്യ കോളജില്‍ നിന്ന് ബിഎ ഹിസ്റ്ററി പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര. ഇവര്‍ പരസ്പരം പിരിയാനാകത്ത വിധം അടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.