കൊച്ചി: അടുത്തിടെ കേരളത്തില്‍ ഏറ്റവും തരംഗമായി മാറിയ സിനിമയാണ് ഭീമന്റെ വഴി. കുഞ്ചാക്കോ ബോബന്‍ നായകനായിട്ടെത്തിയ ചിത്രത്തില്‍ ശക്തരായ ചില സ്ത്രീകളുടെ കഥയായിരുന്നു പറഞ്ഞത്. ഓരോരുത്തരും പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. സിനിമയില്‍ വാര്‍ഡ് കൗണ്‍സിലറായ റീത്ത എന്ന പ്രധാനപ്പെട്ട വേഷം ചെയ്തത് നടി ദിവ്യ എം നായര്‍ ആയിരുന്നു. നാട്ടിലെ റോഡിന് വേണ്ടി റീത്തയും ഭീമനും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളൊക്കെ ശ്രദ്ധേയമായിരുന്നു.
റേഡിയോ ജോക്കിയും അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമൊക്കെയായി തിളങ്ങി നിന്ന ദിവ്യ എം നായര്‍ അഭിനേത്രിയായി എത്തിയപ്പോഴും മനോഹരമാക്കാന്‍ സാധിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ സിനിമാ വിശേഷങ്ങളും മറ്റുമൊക്കെ തുറന്ന് പറയുകയാണിപ്പോള്‍.
നടിയുടെ വാക്കുകളിങ്ങനെ….
‘ഭീമന്‍ വഴിയില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിച്ച മഹര്‍ഷി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഭീമനോട് പറയുന്നുണ്ട്. പെണ്ണുങ്ങള്‍ എല്ലായിടത്തും പൊളിയല്ലേ, ഭീമാ എന്ന്. ഭീമന്റെ വഴിയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും പൊളിയാണ്. ഒരു സിനിമയുടെ ഭൂരിഭാഗവും എഴുത്തുകാരനില്‍ കൂടിയാണ് ഉണ്ടാകുന്നത്. എഴുത്തുകാരന്റെ സൃഷ്ടിയില്‍ ഏതുതരത്തിലുള്ള മാറ്റം കൊണ്ടു വരാനും സംവിധായകന് സ്പേസ് ഉണ്ട്. ഭീമന്റെ വഴിയിലൂടെ തിരക്കഥാകൃത്ത് കൂടിയായ ചെമ്പന്‍ വിനോദിന് സ്ത്രീകളോടുള്ള സമീപനമാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. സെറ്റില്‍ ആണ്‍ വ്യത്യാസങ്ങളില്ലാതെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കൂടാതെ അതിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാരും ജീവിതത്തിലും നല്ല ശക്തരാണ്.
അതേ സമയം സ്ത്രീകളെ കുറിച്ചുള്ള ചിന്താഗതി മാറണം എന്നാണ് ദിവ്യ പറയുന്നത്. മുന്‍പത്തെ പോലെ അല്ല ഇപ്പോള്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനം കുട്ടികളും മദ്യപിക്കുന്നവരാണ്. നമ്മുടെ ചിന്താഗതിയുടെ പ്രശ്നമാണ് മദ്യപിക്കുന്ന പുകവലിക്കുന്ന അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ തോളത്തു കൈയിട്ടു നടക്കുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹം തയ്യാറായിട്ടില്ല. മദ്യപിക്കുന്നത് കൊണ്ടോ, രാത്രി എവിടെയെങ്കിലും പോയി വൈകി വരുന്നത് കൊണ്ടോ മോശക്കാരനോ മോശക്കാരിയോ ആകുമെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിലുള്ളവരുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു. കേരളത്തില്‍ മാത്രമേ ഇത്രയധികം പ്രശ്നങ്ങള്‍ ഉള്ളൂ. ഇന്ത്യയിലെ പ്രധാനപ്പെട്ട മെട്രോ നഗരങ്ങളില്‍ പോയി കഴിഞ്ഞാല്‍ നാട്ടുകാരുടെ ഭാഗത്തു നിന്ന് ഇത്തരം ഇടപെടലുകള്‍ ഉണ്ടാവാറില്ല. മറ്റൊരു പ്രശ്നങ്ങളും ഉണ്ടാവുകയില്ല. മാത്രമല്ല അവിടുത്തെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതരീതികള്‍ വസ്ത്രധാരണം ചിന്താഗതി എല്ലാം വ്യത്യസ്തമാണ്.
അവിടെയുള്ളവര്‍ക്ക് ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനും ബുദ്ധിമുട്ടില്ല എന്നാല്‍ സമയം നമ്മുടെ നാട്ടില്‍ എല്ലാം ഒളിച്ചാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി ഇവിടെ പെണ്‍കുട്ടികള്‍ക്ക് ആരുടെയും തുറിച്ചുനോട്ടം ഇല്ലാതെ പോകാന്‍ പറ്റിയ ഒരു പബ് പോലും ഇല്ല’ എന്നുമാണ് ദിവ്യ പറയുന്നത്. ഭീമന്റെ വഴിയ്ക്ക് ശേഷം മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഴു എന്ന ചിത്രത്തിലും ദിവ്യ അഭിനയിക്കുന്നുണ്ട്