CrimeFeaturedKeralaNews

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; നിർണായക വഴിത്തിരിവ്, യുവതികളിൽ ഒരാൾ റിക്രൂട്ടിംഗ് തട്ടിപ്പിന്റെ ഇര?

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ്. സംഘത്തിലുണ്ടായിരുന്ന ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നും ഇവർ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നുമുള്ള നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ യുവതിയിലേക്ക് അന്വേഷണം എത്തിയത്. പണം നഷ്ടമായതിന്റെ വിരോധത്തിൽ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ ചില വ്യക്തികളുമായി ചേർന്ന് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത് നടപ്പാക്കി എന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പിതാവ് റെജിയോട് വിരോധമുള്ളവരാണെന്ന നിഗമനത്തിൽ പൊലീസ് നേരത്തേ എത്തിയിരുന്നു. ഇന്നലെ പത്തനംതിട്ട നഗരത്തിൽ ഇദ്ദേഹം താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ നിലയിൽ ഒരു മൊബൈൽഫാേൺ കണ്ടെടുത്തിരുന്നു. പലതവണ ചോദിച്ചെങ്കിലും ഈ ഫോണിനെക്കുറിച്ച് പൊലീസിനോട് ഒന്നും പറഞ്ഞിരുന്നില്ല.

ഇദ്ദേഹത്തിന്റെ ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. നഴ്സിംഗ് സംഘടനയുടെ നേതാവായിരുന്ന റെജി നഴ്സുമാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഇടപെട്ടിരുന്നു എന്നും സംശയമുണ്ട്. ഇക്കാര്യത്തിൽ വ്യക്തതവരുത്താനായി റെജിയുടെ മൊഴിയെടുക്കും. കൊല്ലം റൂറൽ എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈലിന്റെ വിവരങ്ങളും ഇന്ന് ലഭിക്കും.ഇതോടെ അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം, കാർ വാടകയ്‌ക്ക് കൊടുത്തയാളെന്ന് സംശയിക്കുന്ന ചിറക്കര സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിന് ഒന്നിലധികം വ്യാജ നമ്പരുകളാണുള്ളത്. ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് വാഹനം ഓടിച്ചു.

അതിനിടെ, മകളെ തട്ടി​ക്കൊണ്ടുപോയ കേസുമായി​ ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജപ്രചാരണമാണ് നടക്കുന്നതെന്ന് റെജി പ്രതികരിച്ചു. ”ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് ഇത്ര സമയമായിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാതെ അന്വേഷണ സംഘം എന്നെയാണ് ലക്ഷ്യമിടുന്നത്. ഇത് വളരെയധികം വേദനയുണ്ടാക്കുന്നുണ്ട്. കേസിൽ നല്ല രീതിയിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അത് പൂർണമായും ആ രീതിയിൽ തന്നെ പോകണം.

പല വ്യാജവാർത്തകളും ഈ ഘട്ടത്തിൽ വരുന്നുണ്ട്. അന്വേഷണവുമായി ഇതുവരെ ഞാൻ സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ഒ.ഇ.ടി എക്‌സാം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും വ്യാജ വാർത്തകൾ പ്രചരിക്കുന്നു. ഏത് രേഖയും ബാങ്ക് അക്കൗണ്ടും പരിശോധിക്കാം. 27ന് രാത്രി 12 ഓടെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചു.

പുലർച്ചെ മൂന്നിനാണ് തിരികെ വന്നത്. അതിനുശേഷം പൂയപ്പള്ളി സ്റ്റേഷനിൽ കൊണ്ടുപോയി. എവിടെല്ലാം കേസുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിട്ടുണ്ടോ, അവിടെല്ലാം പരമാവധി സഹകരിച്ചു. ഇന്ന് വീണ്ടും ഹാജരാകാൻ പൊലീസ് പറഞ്ഞിട്ടുണ്ട്. ഒരു രൂപയുടെ ആരോപണം എന്റെ പേരിൽ ഉണ്ടായാൽ നിങ്ങൾ പറയുന്ന ശിക്ഷ ഏൽക്കാൻ തയ്യാറാണ്. പത്തനംതിട്ടയിൽ സ്വന്തമായി ഫ്ളാറ്റ് ഇല്ല. ജോലി ചെയ്യുന്ന ആശുപത്രി മാനേജ്‌മെന്റ് തന്ന ക്വാർട്ടേഴ്‌സിലാണ് താമസിക്കുന്നത്.”- റെജി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker