FeaturedHome-bannerKeralaNews

ഓയൂർ കേസിൽ ഓട്ടോറിക്ഷയും,ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ; സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ റിക്ഷയും, ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ഓട്ടോറിക്ഷയിൽ തന്നെയാണ് പ്രതികള്‍ സഞ്ചരിച്ചതെന്ന നിര്‍ണായകമായ വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കുളമടയിലെ പെട്രോള്‍ പമ്പില്‍നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.

ഓട്ടോ ഡ്രൈവറില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവര്‍ക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും. ഇതിനിടെ, അന്വേഷണത്തിന്‍റെ ഭാഗമായി ഡിഐജി നിശാന്തിനി കൊല്ലം റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചന ലഭിച്ചതിന്‍റെ ഭാഗമായി തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നതെന്നാണ് വിവരം.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്.

 കേസിൽ നിലവിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.  

കേരളം ഞെട്ടിയ തട്ടിക്കൊണ്ട് പോകലിൽ പല വഴിക്കാണ് അന്വേഷണം നടക്കുന്നത്. പിന്നിൽ കുഞ്ഞിന് അച്ഛൻ റെജിയോട് വൈരാഗ്യമുള്ള ആരെങ്കിലുമാണോ എന്നായിരുന്നു ഒരു ഘട്ടത്തിൽ പൊലീസ് പരിശോധിച്ചത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിലെ താമസസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഇവിടെ നിന്നും കിട്ടിയ ഒരു ഫോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ അച്ഛൻ നഴ്സുമാരുടെ സംഘടനായ യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്. അച്ഛൻ റെജിയുടെ സംഘടനയുമായോ ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. ഈ അന്വേഷണമാണ് നഴ്സിംഗ് കെയര്‍ ടേക്കറിലേക്കും റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളിലേക്കും എത്തി നിൽക്കുന്നത്.  

ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകൽ സംഘം സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker