
കാസര്‍ഗോഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലിലെത്തിയ കേരളം കിരീടം നേടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കേരളത്തിനായി പ്രാര്‍ത്ഥിക്കുമെന്നും ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. തന്‍റെ പേരിലുള്ള പുതിയ റോഡിന്‍റെ നാമകരണ ചടങ്ങിനായി ഇന്നലെ കാസര്‍ഗോഡ് എത്തിയപ്പോഴായിരുന്നു ഗവാസ്കറുടെ വാക്കുകള്‍. കാസര്‍ഗോഡുകാരുടെ സ്നേഹം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ ഗവാസ്കര്‍ ഇന്നത്തെ ദിവസം കേരള ക്രിക്കറ്റും ഒരിക്കലും മറക്കില്ലെന്ന് വ്യക്തമാക്കി.
കേരള ടീം ആദ്യമായി രഞ്ജി ഫൈനലിലെത്തിയ ദിവസം തന്നെ കേരളത്തില്‍ എത്താനായതില്‍ സന്തോഷമുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. പി ടി ഉഷയെയും ടിസി യോഹന്നാനെയും ഒട്ടേറെ ബാഡ്മിന്‍റണ്‍ പ്രതിഭകളെയും ഇന്ത്യൻ കായികരംഗത്തിന് സംഭാവന ചെയ്ത കേരളം ഇപ്പോള്‍ ക്രിക്കറ്റിലും മികവറിയിക്കുകയാണ്. ഇത്തവണ രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരളം ആദ്യ കിരീടം നേടണമെന്നാണ് എന്‍റെ അതിയായ ആഗ്രഹം. അതിനായി ഞാന്‍ പ്രാര്‍ത്ഥിക്കും.
രഞ്ജി ട്രോഫി രണ്ടാം സെമിയില്‍ തന്‍റെ നാടായ മുംബൈയെ തോല്‍പിച്ച് വിദര്‍ഭ ഫൈനലിലെത്തിയതുകൊണ്ടല്ല കേരളം കിരീടം നേടണമെന്ന് പറഞ്ഞത്, മുംബൈ ഒരുപാട് തവണ കിരീടം നേടിയവരാണ്. അതുകൊണ്ട് മുംബൈ ഫൈനലിലെത്തിയിരുന്നെങ്കിലും കേരളം കിരീടം നേടണമെന്നെ താന്‍ ആഗ്രഹിക്കൂവെന്നും വരും വര്‍ഷങ്ങളില്‍ ഒരുപാട് കേരള താരങ്ങള്‍ ഇന്ത്യൻ ടീമിനായി കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.
മുംബൈയില്‍ നിന്നാണ് താന്‍ വരുന്നതെങ്കിലും തന്‍റെ പേരില്‍ മുംബൈയില്‍ സ്മാരകങ്ങളൊന്നുമില്ലെന്നും എന്നാല്‍ കേരളത്തില്‍ തന്‍റെ പേരിലൊരു റോഡുണ്ടെന്നത് അഭിമാനവും സന്തോഷവുമാണെന്നും ഗവാസ്കര്‍ പറഞ്ഞു. കാസര്‍കോട് നഗരസഭാ സ്റ്റേഡിയം റോഡിനാണ് ഗവാസ്ക്കറിന്‍റെ പേര് നല്‍കിയത്. സുനിൽ ഗവാസ്ക്കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്നായിരിക്കും ഇനി റോഡിന്‍റെ പേര്.
ജില്ലയിലെ വിവിധ പദ്ധതികളുടെ ലോഗോ പ്രകാശനവും സുനില്‍ ഗവാസ്ക്കര്‍ നിര്‍വഹിച്ചു. അനില്‍ കുംബ്ലെക്ക് ശേഷം മറ്റൊരു ക്രിക്കറ്ററുടെ പേരിലുള്ള കാസര്‍കോട്ട് ജില്ലയിലെ റോഡാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുമ്പള- ബദിയടുക്ക റൂട്ടിലെ സിഎച്ച്സി റോഡിന് 2010 ലാണ് അനില്‍ കുംബ്ലെയുടെ പേര് നല്‍കിയത്.