![](https://breakingkerala.com/wp-content/uploads/2025/02/sindhu-780x470.jpg)
തിരുവല്ല: പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് പൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ പ്രധാന നടത്തിപ്പുകാരന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് തമിഴ്നാട്ടില്‍നിന്ന് അറസ്റ്റുചെയ്തു. തെള്ളിയൂര്‍ ശ്രീരാമസദനത്തില്‍ ഡി. ഗോപാലകൃഷ്ണന്‍നായരുടെ ഭാര്യ സിന്ധു ജി. നായര്‍ (57) ആണ് അറസ്റ്റിലായത്.
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലുള്ള കുയ്ലപ്പാളയത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് സംഘം സിന്ധുവിനെ വ്യാഴാഴ്ച പിടികൂടിയത്.2024 ഫെബ്രുവരിയിലാണ് ധനകാര്യസ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്. ഗോപാലകൃഷ്ണന്‍ നായര്‍, സിന്ധു, ഇവരുടെ മകന്‍ ഗോവിന്ദ് ജി.നായര്‍, മരുമകള്‍ ലക്ഷ്മി എന്നിവരാണ് സ്ഥാപനം നടത്തിയിരുന്നത്.
ഗോപാലകൃഷ്ണന്‍നായരും മകനും ഫെബ്രുവരി 22-ന് അറസ്റ്റിലായി. ഇവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ലക്ഷ്മി, സ്ഥാപനം പൂട്ടുംമുമ്പേ വിദേശത്തേക്ക് പോയെന്നാണ് പോലീസ് പറയുന്നത്.
നാഗര്‍കോവിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സിന്ധു ഒരുമാസംമുമ്പാണ് കുയ്ലപ്പാളയത്തിനടുത്ത് അപ്പാര്‍ട്ട്മെന്റ് എടുത്തത്. ഇവിടെ യോഗ ഇന്‍സ്ട്രക്ടറായി കഴിയുകയായിരുന്നു. പഴയ മൊബൈല്‍ നമ്പറുകളും ഇ-മെയില്‍ അക്കൗണ്ടുകളും ഉപയോഗിച്ചില്ല. വില്ലുപുരം വാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച വൈകീട്ടോടെ ഹാജരാക്കിയ ഇവരെ വെള്ളിയാഴ്ച പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും.
ജി ആന്‍ഡ് ജിയുടെ സാമ്പത്തിക തട്ടിപ്പിന് 876 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 100 കോടിയിലധികം രൂപ തട്ടിച്ചെടുത്തെന്നാണ് പോലീസ് കണക്കാക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 48 ബ്രാഞ്ചുകളാണ് ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സിന് ഉണ്ടായിരുന്നത്. സ്ഥിരനിക്ഷേപത്തിന് 16 ശതമാനം വരെ പലിശ വാഗ്ദാനംചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത്.
മുമ്പ് പി.ആര്‍.ഡി. ഫിനാന്‍സിയേഴ്സ് എന്ന പേരില്‍ നടത്തിയിരുന്ന സ്ഥാപനം പിന്നീട് പേര് മാറ്റി. ക്രൈംബ്രാഞ്ച് കൊല്ലം യൂണിറ്റ് എസ്.പി. സുരേഷ് കുമാര്‍, ഡിവൈ.എസ്.പി. കെ.ആര്‍. പ്രതീക് എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എസ്. സനൂജ്, എസ്.ഐ.മാരായ സി.എസ്. ബിനു, ഇ. അല്‍ത്താഫ്, ഡബ്ല്യു.സി.പി.ഒ. അശ്വതി വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.