KeralaNews

പ്രവൃത്തിസമയത്ത് PTA ഭാരവാഹികൾ സ്‌കൂളിൽ വരേണ്ട, ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളിലെ പി.ടി.എ.കള്‍ക്കെതിരെ ഉയരുന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ പുതുക്കി ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പിടിഎ ഭാരവാഹികള്‍ പ്രധാനാധ്യാപകരെ നോക്കുകുത്തിയാക്കി സ്കൂളുകൾ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാകില്ലെന്നും പ്രവൃത്തിസമയങ്ങളില്‍ സ്‌കൂളില്‍ അവര്‍ എത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

‘പിടിഎ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ പുതുക്കിയിറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ചിലയിടത്ത് ബന്ധുക്കളുടെ പേരിലൊക്കെ വര്‍ഷങ്ങളായി പിടിഎ പ്രസിഡന്റായി തുടരുന്നുണ്ട്. അവരെയൊക്കെ ഒഴിവാക്കും. ചിലയിടത്ത് പിടിഎ പ്രസിഡന്റും ഭാരവാഹികളും രാവിലെ കയറിവന്ന് ഭരിക്കുന്ന സ്ഥിതിയുണ്ട്.

പിടിഎ ഭാരാവാഹികള്‍ ക്ലാസ് സമയങ്ങളില്‍ സ്‌കൂളില്‍ വരേണ്ടതില്ല. സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പോ ശേഷമോ അല്ലെങ്കിൽ യോഗങ്ങളിലോ പങ്കെടുത്താല്‍ മതി. എല്ലാ ദിവസവും ഓഫീസില്‍ എത്തേണ്ടതില്ല. അത് സംബന്ധിച്ചുള്ള നിയന്ത്രണങ്ങള്‍വരുത്തിയുള്ള ഉത്തരവ് ഇറക്കും’, മന്ത്രി പറഞ്ഞു.

പിടിഎ ചെയ്യുന്ന സേവനങ്ങളെ വിസ്മരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ പിടിഎ ഫണ്ട് പിരിക്കുന്നതിനും നിയന്ത്രണമുണ്ടാകുമെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഓരോ കുട്ടികയിൽനിന്നും എത്ര രൂപവരെ വാങ്ങാമെന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കും.

എസ്‌സി-എസ്ടി വിഭാഗങ്ങളിലെ കുട്ടികളില്‍നിന്ന് പണം പിരിക്കാന്‍ പാടില്ല. പതിനായിരവും ഇരുപതിനായിരവും പിരിക്കുന്നതും അത് നല്‍കാത്തതിന്റെ പേരില്‍ അഡ്മിഷന്‍ നിഷേധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button