കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 103 രൂപ 55 പൈസയും ഡീസലന് 96 രൂപ 90 പൈസയുമായി.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105 രൂപ 48 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103രൂപ 72 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് വില കൂടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.47 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ വലിയ വര്‍ധനവാണിത്.
ഇന്ധനവിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിക്കും പൊള്ളുന്ന വിലയാണ്. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഇന്ധന, പാചക വാതക വില വര്‍ധനവിനു പിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും.
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള ചില്ലറ വില്‍പ്പനയ്ക്കായെത്തുമ്പോള്‍ വില 50 രൂപ. കൊച്ചി മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം ഒരു കിലോ സവാളയുടെ വില 25 രൂപയായിരുന്നു. ഇന്നത്തെ വില 50. തക്കാളിയുടെ വിലയും 30ല്‍ നിന്ന് 60ലേക്ക് കുതിച്ചു. ക്യാരറ്റിനും (60) മുരിങ്ങക്കയ്ക്കും(80) വില ഇരട്ടിയായി.
രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും വര്‍ഷാവസാനം ഉള്ളിവില 100 കടന്നിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാന്‍ കാരണമായി. മറ്റ് പച്ചക്കറികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വില വര്‍ധനവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.