കോഴിക്കോട്: കോടഞ്ചേരിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൂറാംതോട് സ്വദേശി നിതിന്റെ (25) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന വിവരങ്ങൾ . നിതിന്റെ സുഹൃത്ത് അഭിജിത്തിനെ കോടഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ കീഴടങ്ങിയതാണ്. ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം, ബത്തേരിയില്‍ ആണ്‍സുഹൃത്തിനെ മധ്യവയസ്‌ക വെട്ടി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു.
തൊടുവെട്ടി സ്വദേശി ബീരാനെ വെട്ടിക്കൊന്ന ശേഷം പഴേരി സ്വദേശി ചന്ദ്രമതിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് കൊലയും ആത്മഹത്യയും നടന്നത്. തൊടുവെട്ടി സ്വദേശി ബീരാനാണ് വെട്ടേറ്റു മരിച്ചത്.
സാമ്പത്തിക ഇടപാടാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ബീരാനും ചന്ദ്രമതിയും അടുപ്പത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉച്ചയോടെ ബീരാന്‍ ചന്ദ്രമതിയുടെ വീട്ടിലെത്തി. ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് അയച്ചു.
മൂന്നു മണിയോടെ തിരികെ വീട്ടിലെത്തിയ ദേവകിയാണ് ചന്ദ്രമതിയെ വീട്ടിന് പുറകുവശത്ത് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് തുറന്ന് പരിശോധിച്ചപ്പോള്‍, രക്തത്തില്‍ കുളിച്ച് ബീരാനെയും കണ്ടെത്തിയെന്ന് ദേവകി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.