NationalNews

ഇസഡ് പ്ലസ് സുരക്ഷ, അതിര്‍ത്തി പോസ്റ്റ് സന്ദർശനം: പിഎം ഓഫിസിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് തട്ടിപ്പ്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി ചമഞ്ഞ് ജമ്മു കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ച് ഗുജറാത്തില്‍നിന്നുള്ള തട്ടിപ്പുകാരന്‍ ഇസെഡ് പ്ലസ് സുരക്ഷയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ അതിര്‍ത്തി പോസ്റ്റ് വരെ സന്ദര്‍ശിച്ചതു വന്‍വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലെ സ്ട്രാറ്റജി, ക്യാംപെയ്ന്‍ അഡീഷണല്‍ ഡയറക്ടര്‍ ആണെന്നു പരിചയപ്പെടുത്തി കശ്മീരിലെത്തിയ കിരണ്‍ ഭായ് പട്ടേല്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു.

പത്തുദിവസം മുന്‍പ് പട്ടേലിനെ അറസ്റ്റ് ചെയ്‌തെങ്കിലും പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണു വിവരം പുറത്തറിഞ്ഞത്. ഏതു ദിവസമാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്നു വ്യക്തമല്ല.

ട്വിറ്ററില്‍ വേരിഫൈഡ് അക്കൗണ്ടുള്ള പട്ടേലിന് ഗുജറാത്തി ബിജെപി ജനറല്‍ സെക്രട്ടറി പ്രദീപ്‌സിങ് വഗേല ഉള്‍പ്പെടെ ആയിരത്തിലധികം ഫോളോവേഴ്‌സാണുള്ളത്. കശ്മീരില്‍ ‘ഔദ്യോഗിക സന്ദര്‍ശനം’ നടത്തിയപ്പോള്‍ അര്‍ധസൈനിക വിഭാഗത്തില്‍പ്പെട്ട സുരക്ഷാ ഗാര്‍ഡുകള്‍ക്കൊപ്പം നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും ട്രിച്ചി ഐഐഎമ്മില്‍നിന്ന് എംബിഎ നേടിയിട്ടുണ്ടെന്നും ഇയാളുടെ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈനികര്‍ക്കൊപ്പം മഞ്ഞില്‍ നടക്കുന്നതിന്റെ വിഡിയോയും ശ്രീനഗറിലെ ലാല്‍ചൗക്കിലെ ക്ലോക്ക് ടവറിനു മുന്നിലെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

താഴ്‌വരയിലേക്കു ഗുജറാത്തില്‍നിന്നു കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നതിനെക്കുറിച്ചാണ് ഉദ്യോഗസ്ഥരുമായി പട്ടേല്‍ ചര്‍ച്ച നടത്തിയത്. ദൂത്പത്രി എന്ന സ്ഥലത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മറ്റാമെന്ന് പട്ടേല്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഫെബ്രുവരിയില്‍ കശ്മീര്‍ താഴ്‌വരയില്‍ എത്തിയ പട്ടേല്‍ ഹെല്‍ത്ത് റിസോര്‍ട്ടുകളിലാണു സന്ദര്‍ശനം നടത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും ഇവിടേയ്ക്ക് എത്തിയതോടെയാണ് പട്ടേലിനെക്കുറിച്ചു സംശയം ഉണ്ടായത്.

തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റായ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ‘മുതിര്‍ന്ന പിഎംഒ ഓഫിസറുടെ’ സന്ദര്‍ശനത്തെക്കുറിച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇയാളുടെ പശ്ചാത്തലം പരിശോധിച്ച രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉടന്‍ തന്നെ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം പൊലീസിനു കൈമാറി. പിന്നാലെ ശ്രീനഗറിലെ ഹോട്ടലില്‍നിന്ന് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ തട്ടിപ്പ് തിരിച്ചറിയാന്‍ കഴിയാതിരുന്നതിനു രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ഗുജറാത്ത് പൊലീസും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker