മയക്കുമരുന്ന് നല്‍കി ഭാര്യയെ ഉറക്കും, പുരുഷന്‍മാരെ വിളിച്ചുവരുത്തി ബലാത്സംഘം , ആസ്വദിച്ച് കാണുന്ന ഭര്‍ത്താവ്; 50 പ്രതികൾ
പാരീസ്: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഒരു സ്ത്രീപീഡനക്കേസിലൂടെയാണ് ഫ്രാന്‍സ് ഇപ്പോള്‍ കടന്നുപോകുന്നത്. ഒന്നും രണ്ടും വര്‍ഷമല്ല, തുടര്‍ച്ചയായ 9 വര്‍ഷമാണ് ഒരു സ്ത്രീ 50ഓളം പേരാല്‍ റേപ്പ് ചെയ്തത്. അതിന് കൂട്ടുനിന്നത് ആവട്ടെ സ്വന്തം ഭര്‍ത്താവും! ഭാര്യക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം അന്യപുരുഷന്മാരെ വീട്ടില്‍ വിളിച്ചുവരുത്തി, പീഡിപ്പിക്കാന്‍ ഭര്‍ത്താവ് ഒത്താശ ചെയ്യുകയായിരുന്നു. എന്നിട്ട് അതിന്റെ വീഡിയോ ചിത്രീകരിച്ച് കാണുകയായിരുന്നു ഈ സൈക്കോ ഭര്‍ത്താവിന്റെ രീതിയെന്ന് ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗിസെലെ പെലിക്കോട്ട് എന്ന 71 കാരിയായ, മൂന്ന് മുതിര്‍ന്ന കുട്ടികളുടെ അമ്മയാണ്, ലോക ചരിത്രത്തില്‍ സമാനകളില്ലാത്ത പീഡനത്തിന് ഇരയായത്. ഇവരുടെ ഭര്‍ത്താവ്, ഡൊമിനിക് പെലിക്കോട്ട് (71) അടക്കം 50 ഓളം പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കേസ് വന്നപ്പോള്‍ മക്കള്‍ ഒന്നടങ്കം അമ്മക്ക് ഒപ്പം നിന്നു. പണത്തിനുവേണ്ടിയല്ല, ഡൊമനിക്ക് പെലിക്കോട്ട് ഇത് ചെയ്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഡ്രഗ് അഡിക്റ്റായ ഒരു സെക്സ് സൈക്കോയാണ് ഇയാള്‍ എന്നാണ് സംശയം. അല്‍ഷിമേഴ്സ് രോഗത്തിന്റെ ആരംഭത്തിലൂടെ കടന്നുപോവുന്ന ഗിസെലക്ക് കൃത്യമായി ഒന്നും ഓര്‍ക്കാനും കഴിയുന്നില്ല. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാതെ അവര്‍ ഭര്‍ത്താവിന്റെ കെണിയില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ യാദൃശ്ചികമായി ഭര്‍ത്താവ് പിടിയിലായപ്പോഴാണ്, ക്രൂരമായ കൃത്യം പുറം ലോകം അറിയുന്നത്.
2020 നവംബറില്‍ തെക്കന്‍ ഫ്രാന്‍സിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ത്രീകളുടെ നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിക്കവേയാണ് ഡൊമനിക്ക് പെലിക്കോട്ട് എന്ന പിടിയിലായത്. എസ്‌കലേറ്ററിന്റെ അടിയില്‍ നിന്ന് സ്ത്രീകളുടെ ഗൗണിനൊക്കെ അടിയിലേക്ക് ക്യാമറ വെച്ച് ചിത്രം പകര്‍ത്താനാണ ഇയാള്‍ ശ്രമിച്ചത്. ഞരമ്പുരോഗിയായ ഒരു വൃദ്ധന്‍ എന്ന രീതിയിലാണ് പൊലീസ് ആദ്യം ഈ കേസിനെ സമീപിച്ചത്. പക്ഷേ ഇയാളുടെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കണ്ടപ്പോഴാണ് പൊലീസ് നടുങ്ങിയത്. സ്വന്തം ഭാര്യയെ ആളുകള്‍ ഭോഗിക്കുന്നതിന്റെ 20,000ലേറെ ഫയലുകളാണ് ലാപ്ടോപ്പില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. മയക്കുമരുന്നുകള്‍ ഭാര്യയുടെ ഭക്ഷണത്തിലോ വീഞ്ഞിലോ കലര്‍ത്തുക ഇയാളുടെ പതിവായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ചാറ്റ്‌റൂം വഴി പുരുഷന്മാരുമായി ബന്ധപ്പെട്ട ശേഷം ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. 2011നും 2020നും ഇടയിലാണ് ഈ പീഡനങ്ങളെല്ലാം നേരിടേണ്ടി വന്നത്. ഭാര്യ ഗിസെലെ പെലിക്കോട്ടിന് മഞ്ഞുമൂടിയപോലെയാണ് കാര്യങ്ങള്‍ ഓര്‍മ്മയുള്ളത്. ഭര്‍ത്താവ് തന്നോട് ചെയ്ത കൊടുംക്രൂരത കോടതിയില്‍ വിവരിക്കുമ്പോള്‍ 71കാരിയുടെ മുഖത്ത് നിസംഗതയായിരുന്നുവെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എനിക്ക് എന്റെ വ്യക്തിത്വം തന്നെ നഷ്ടമായി. ഒരു തുണിപ്പാവയെപ്പോലെയും ചവറ്റുകുട്ടയെപ്പോലെയുമാണ് അവര്‍ എന്നെ കണക്കാക്കിയത്. എന്റെ വ്യക്തിത്വത്തിലേക്ക് ഇനി തിരിച്ചുവരാന്‍ കഴിയുമോ എന്ന് പോലും അറിയില്ല. എച്ച്ഐവി ബാധിതനായ ആള്‍ ആറുതവണ പീഡിപ്പിച്ചിട്ടുണ്ട്. എന്റെ ജീവന്‍ അപകടത്തിലായിരുന്നു. എന്നെ ഭര്‍ത്താവ് ഒരു പാവയെപ്പോലെയാക്കി മാറ്റി. എന്റെ ജീവിതം ബലിയര്‍പ്പിക്കപ്പെട്ടു. പോലീസാണ് ജീവന്‍ രക്ഷിച്ചത്”- കോടതിയില്‍ തലകുനിച്ച് നില്‍ക്കുന്ന ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ടിനെ നോക്കി ഭാര്യ പറഞ്ഞു.
പൊലീസ് പറഞ്ഞപ്പോഴാണ് തനിക്കുനേരെ നടക്കുന്ന അതിക്രമത്തെക്കുറിച്ച് ഓര്‍ത്തത് എന്നും അവര്‍ പറയുന്നു-‘എന്റെ ലോകം തകര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം തകരുകയായിരുന്നു. 50 വര്‍ഷമായി ഞാന്‍ കെട്ടിപ്പടുത്തതെല്ലാം.’- ഗിസെലെ പറഞ്ഞു. ‘കിടക്കയില്‍ മരിച്ച ഒരാളെ ഞാന്‍ കിടക്കയായിരുന്നു. എന്റെ ശരീരത്തിന് തണുപ്പായിരുന്നു.” – അവര്‍ പറഞ്ഞു. ഈ വര്‍ഷം മെയ് മാസത്തില്‍ മാത്രമാണ് ദൃശ്യങ്ങള്‍ കാണാനുള്ള ധൈര്യം തനിക്ക് ലഭിച്ചതെന്ന് അവര്‍ അഞ്ച് ജഡ്ജിമാരുടെ പാനലിനോട് പറഞ്ഞു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ രഹസ്യവിചാരണ വേണ്ടെന്നും എല്ലാം പരസ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു. അമ്മക്ക് എല്ലാരീതിയിലും പിന്തുണ കൊടുത്ത, മൂന്ന് മക്കളെയും കോടതി അഭിനന്ദിച്ചു.
എന്നാല്‍ നിസ്സംഗനായാണ് പ്രതി കോടതിയില്‍ പെരുമാറിയത്. ഈ അതിക്രമങ്ങളിലൊക്കെ കുറ്റക്കാരനാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്നാണ് അയാള്‍ മറുപടി നല്‍കിയത്. അറസ്റ്റിന് ശേഷം വൈകാതെ തന്നെ അയാള്‍ എല്ലാകുറ്റവും സമ്മതിക്കയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഭാര്യക്ക് മയക്കുമരുന്ന് നല്‍കിയതും, തുടര്‍ന്ന് ഓണ്‍ലൈന്‍ ചാറ്റുവഴി ഇടപാടുകാരെ കണ്ടെത്തിയതുമെല്ലാം, നിസ്സംഗമായാണ് അയാള്‍ വിവരിച്ചത്. പുരുഷന്മാരോട് ഏതെങ്കിലും തരത്തിലുള്ള സുഗന്ധവസ്തുക്കളുടേയോ, സിഗരറ്റിന്റെയോ മണം ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അയാള്‍ പറഞ്ഞിരുന്നു.
അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ആരംഭത്തില്‍ വിഷമിച്ച ഭാര്യ തനിക്ക് എന്തോ സംഭവിക്കുന്നതായി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. പക്ഷേ അത് അല്‍ഷിമേഴ്‌സ് അല്ലെന്ന് പറഞ്ഞ് അയാള്‍ വിഷയം മാറ്റുകയായിരുന്നു. ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യത്തിന്, അതെ എന്ന് ജിസെലെ പെലിക്കോട്ട് പറഞ്ഞു. പോലീസ് അന്വേഷണത്തിനിടെ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ തനിക്ക് ലൈംഗികമായി പകരുന്ന നിരവധി രോഗങ്ങള്‍ ബാധിച്ചതായി തെളിഞ്ഞതായി അവര്‍ പറഞ്ഞു.
തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലീസ് പറഞ്ഞതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കാന്‍ തോന്നിയെന്ന് അവള്‍ പറഞ്ഞു. 50 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തില്‍ എനിക്ക് ബാക്കിയായത് രണ്ട് സ്യൂട്ട്കേസുകള്‍ മാത്രമാണ്. എനിക്ക് ഇനി ഒരു ഐഡന്റിറ്റി ഇല്ല. വീടില്ല. ഞാന്‍ എന്നെങ്കിലും എന്നെ തന്നെ പുനര്‍നിര്‍മ്മിക്കുമോ എന്ന് എനിക്കറിയില്ല,’ -ഗിസെലെ കണ്ണീരോടെ പറഞ്ഞു.
കേസില്‍ പ്രദേശത്തെ പൗരപ്രമുഖന്‍മാരായ 50 ഓളം പേരാണ് അറസ്റ്റിലായത്. വിചാരണ നേരിടുന്ന 50 പുരുഷന്മാരില്‍ ഒരു പ്രാദേശിക കൗണ്‍സിലര്‍, മെയില്‍ നഴ്‌സ്, ഒരു പത്രപ്രവര്‍ത്തകന്‍, ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍, ഒരു ജയില്‍ ഗാര്‍ഡ്, സൈനികന്‍, അഗ്നിശമന സേനാംഗം, സിവില്‍ സര്‍വീസ് ഉദ്യോസഗ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അവരില്‍ ഭൂരിഭാഗവും തെക്കന്‍ പാരീസിലുള്ളവര്‍ തന്നെയാണ്. അറസ്റ്റിലാകുമ്പോള്‍ 26നും 73നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. പ്രതികളില്‍ പലരും കുറ്റം നിഷേധിച്ചു. ഭര്‍ത്താവ് തങ്ങളെ കബളിപ്പിച്ചെന്ന് ചിലര്‍ ആരോപിച്ചു. സെക്സ് വര്‍ക്കര്‍ ആണെന്ന് കരുതിയാണ് പോയതെന്ന് ചിലര്‍ പറഞ്ഞു. കേസില്‍ വിചാരണ തുടരുകയാണ്.