ഇടുക്കി : കുമളിയിൽ വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു. അച്ഛനെയും അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപറമ്പിൽ അരുൺ-ആശ ദമ്പതികളുടെ മകൻ അർണവ് (4) മരിച്ചത്. കുമളി കൊല്ലം പട്ടടയിൽ വെച്ചാണ് അപകടമുണ്ടായത്.
റോഡിലൂടെ നടന്നു പോയവരുടെ പിന്നിലേക്ക് വാഹനമിടിച്ച് കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടിയുടെ അച്ഛനും അമ്മയും ചികിത്സയിലാണ്. ഇവരെ ഇടിച്ചതിനുശേഷം ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവർ രാജേഷ് ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് സമാനമായ രീതിയിലിന്നുണ്ടായ അപകടത്തിൽ പത്തുവയസുകാരി മരിച്ചു. കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിലാണ് പത്തുവയസുകാരി മരിച്ചത്. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. പുലർച്ചെ പനവേലിയിലാണ് അപകടമുണ്ടായത്.
ഒമ്പത് പേരടങ്ങുന്ന കുടുംബം നഗർകോവിൽ പോയി തിരികെ വരുമ്പോൾ ജീപ്പിന്റെ ടയർ പഞ്ചറായി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പിനടിയിൽ അകപ്പെട്ട പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.