കോട്ടയം: ഈരാറ്റുപേട്ടയില്‍ നാല് പേര്‍ നിരീക്ഷണത്തില്‍. കൊവിഡ് സ്ഥിരീകരിച്ച മൂലമറ്റം സ്വദേശി സഞ്ചരിച്ച വാഹനത്തില്‍ യാത്ര ചെയ്ത നാല് പേരാണ് നിരീക്ഷണത്തിലുള്ളത്.
കടുവാമൂഴി സ്വദേശികളായ മൂന്നു പേരും ഒരു മുട്ടം കവല സ്വദേശിയുമാണ് ക്വാറന്റൈനിലുള്ളത്. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണം ഇല്ല. കൊവിഡ് സ്ഥിരീകരിച്ചയാള്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
അതേസമയം കൊവിഡ് രോഗികളുടെ എണ്ണം മൂന്നായതോടെ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് കോട്ടയം ജില്ലാ ഭരണകൂടം. ഇന്നലെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ജോലി ചെയ്ത കോട്ടയം മാര്‍ക്കറ്റ് അണുവിമുക്തമാക്കി. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്ന് കരുതുന്ന 50 പേരുടെ സ്രവങ്ങള്‍ കൂടി പരിശോധനയ്ക്ക് അയക്കും.
ലോക്ക് ഡൗണ്‍ കാലത്തും ഏറെ തിരക്കുണ്ടായിരുന്ന കോട്ടയം ചന്തയിലെ ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇതോടെ ഇന്നലെ ജില്ലാഭരണകൂടം അടച്ചുപൂട്ടിയ കോട്ടയം മാര്‍ക്കറ്റ് രാവിലെ അണുവിമുക്തമാക്കി. അഗ്നിശമന സേനയുടെ സഹായത്തോടെ മാര്‍ക്കറ്റ് ശുചിയാക്കിയെങ്കിലും ആശങ്കയ്ക്ക് വിരാമമായില്ല. അവശ്യവസ്തുക്കളുടേത് ഉള്‍പ്പെടെ ഒരു കച്ചവട സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. ചരക്കുലോറികള്‍ എത്തിക്കുന്നത് ഇന്നലെ തന്നെ വിലക്കിയിരുന്നു.
പാലക്കാട് നിന്ന് ലോഡുമായി കോട്ടയത്തെത്തി മടങ്ങിയ ഡ്രൈവറില്‍ നിന്നാണ് ചുമട്ട് തൊഴിലാളിക്ക് രോഗം പകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇത് ഉറപ്പാക്കാന്‍ ഡ്രൈവറുടെ സ്രവ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. തൊഴിലാളിയുമായി സമ്പര്‍ക്കത്തില്‍ വന്ന 50 പേരുടെ സാമ്പിളുകള്‍ കൂടി ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. ഇയാളുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം.