CrimeNationalNews

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്നും സൺറൂഫ് തുറന്നും നൃത്തം;നാല് മലയാളികൾ പിടിയിൽ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് നൃത്തംചെയ്യുകയും അപകടകരമായരീതിയില്‍ വാഹനം ഓടിക്കുകയും ചെയ്ത നാല് മലയാളികള്‍ ബെംഗളൂരുവില്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ സല്‍മാന്‍ ഫാരിസ്, നസീം അബ്ബാസ്(21) സല്‍മാനുല്‍ ഫാരിസ്(21) മുഹമ്മദ് നുസൈഫ്(21) എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 14-ന് അര്‍ധരാത്രി കെംപെഗൗഡ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് വേയിലാണ് നാലംഗസംഘം അപകടകരമായരീതിയില്‍ കാറില്‍ സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.

അറസ്റ്റിലായവരില്‍ സല്‍മാന്‍ ഫാരിസ് ഒഴികെയുള്ളവര്‍ ബെംഗളൂരുവില്‍ ബി.ബി.എ. വിദ്യാര്‍ഥികളാണ്. ദസറഹള്ളിയില്‍ കോളേജിന് സമീപത്തായാണ് മൂവരും താമസിക്കുന്നത്. സംഭവദിവസം സുഹൃത്തുക്കളെ കാണാനായാണ് സല്‍മാന്‍ ഫാരിസ് ബെംഗളൂരുവിലെത്തിയത്. പിതാവ് ഡല്‍ഹിയില്‍നിന്ന് വാങ്ങിയ യൂസ്ഡ് കാറിലാണ് ഇയാള്‍ ബെംഗളൂരുവില്‍ എത്തിയതെന്നും തുടര്‍ന്ന് ഇവരെയും കൂട്ടി നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

നാലുപേരും ആദ്യമായാണ് കെംപെഗൗഡ വിമാനത്താവളത്തില്‍ വരുന്നത്. തുടര്‍ന്ന് കാറില്‍ സഞ്ചരിക്കുന്നതിനിടെ ഇവര്‍ ഡോറിലിരുന്നും സണ്‍റൂഫ് തുറന്നും നൃത്തം ചെയ്യുകയായിരുന്നു. മറ്റൊരു കാറിലെ ഡാഷ്‌ക്യാമിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button