മുംബൈ:മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി (Former Maharashta Home Minister) അനിൽ ദേശ്മുഖ് (Anil Deshmukh) അറസ്റ്റിൽ (Arrest). 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ ആണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അനിൽ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. നേരത്തെ, പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനിൽ ഹാജരായിരുന്നില്ല. തുടർന്ന് അദ്ദേഹം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ചോദ്യം ചെയ്യുന്ന സമയത്തും അനിൽ ദേശമുഖ് സഹകരിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ്മുഖിനെതിരെയുള്ള തെളിവുകൾ പുറത്ത് വന്നിരുന്നു. ബാറുടമകളില്‍ നിന്ന് വാങ്ങിയ നാല് കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിനുള്ള തെളിവുകള്‍ പുറത്ത് വന്നിരുന്നത്.
ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട് 50 കോടിയോളം രൂപയുടെ ഇടപാടുകളിൽ ദുരൂഹതയുമുണ്ടായിരുന്നു. പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും നൂറ് കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് ശ്രമിച്ചെന്ന മുൻ ബോംബെ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കി മറിച്ച സംഭവങ്ങളുടെ തുടക്കം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരംബീർ സിംഗ് നൽകി ഹർജിയിൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ അനിൽ ദേശ്‌മുഖ് രാജി വയ്ക്കുകയായിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി നേതാവാണ് അനിൽ ദേശ്മുഖ്.