KeralaNews

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി.

പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീര വനിതയാണ് ശ്രീലേഖയെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസില്‍ സമത്വത്തിനു വേണ്ടി, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വേണ്ടി, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയെല്ലാം വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ് ശ്രീലേഖ. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീര വനിതയെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ സന്തോഷമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിട്ടാണ് ശ്രീലേഖ, ബിജെപിയില്‍ ചേരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. താന്‍ മുപ്പത്തി മൂന്നര വര്‍ഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാര്‍ട്ടിയിലും ചേരാതെ പ്രവര്‍ത്തിച്ചു. വിരമിച്ചതിന് ശേഷം പലതും മാറി നിന്ന് കാണുന്നു. അതിനു ശേഷം അനുഭവത്തിന്റേയും അറിവിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങളെ സേവിക്കാന്‍ ഇതാണ് നല്ലതെന്ന് തോന്നി. ആദര്‍ശങ്ങളോട് വിശ്വാസമുള്ളത് കൊണ്ട് കൂടെ നില്‍ക്കുന്നു. തല്‍ക്കാലം അംഗം മാത്രമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവസരം ലഭിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. ബിജെപിക്കൊപ്പം നില്‍ക്കുന്നുവെന്നത് വലിയ സന്ദേശമാണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. അതേസമയം, എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശ്രീലേഖ പ്രതികരിച്ചില്ല. സംസാരിക്കാന്‍ താല്‍പ്പര്യമില്ലാത്ത വിഷയമാണത്.

ചേര്‍ത്തല എഎസ്പിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്സ് മേധാവി ആയിരിക്കുമ്പോഴാണ് സര്‍വീസില്‍നിന്നു വിരമിച്ചത്.

ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അവരുമായി ചര്‍ച്ച നടത്തിയിരുന്നു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ഏറെ കാലമായി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നുവെന്ന് ആര്‍ ശ്രീലേഖ പ്രതികരിച്ചു. കേന്ദ്ര – സംസ്ഥാന നേതാക്കള്‍ സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അംഗത്വം എടുക്കല്‍ മാത്രമാണെന്നും കൂടുതല്‍ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

അതിനിടെ, മഹാബലിയെ വ്യത്യസ്തമായ രീതിയില്‍ വ്യാഖ്യാനിക്കുന്ന നോവലുമായി ആര്‍. ശ്രീലേഖ രംഗത്തെത്തുകയാണ്. ഏഴുവര്‍ഷം കൊണ്ടാണ് നോവല്‍ പൂര്‍ത്തിയാക്കിയതെന്നും, വിവാദങ്ങളെ ഭയപ്പെടുന്നില്ലെന്നും ആര്‍. ശ്രീലേഖ പ്രതികരിച്ചു.

'എന്റെ കഥകള്‍ എല്ലാം ഞാന്‍ യൂട്യൂബില്‍ പറയുന്നുണ്ട്, ഇത് മഹാബലിയെ വ്യത്യസ്തമായ രീതിയില്‍ വ്യാഖ്യാനിക്കുന്ന നോവലാണ്, ഏഴുവര്‍ഷം കൊണ്ടാണ് നോവല്‍ പൂര്‍ത്തിയാക്കിയത്' ഓണത്തെപ്പറ്റിയും മഹാബലിയെപ്പറ്റിയുമുള്ള എന്റെ സംശയങ്ങളാണ് ഈ നോവലില്‍ കലാശിച്ചത്. മഹാബലിയുടെ യഥാര്‍ത്ഥ കഥ എന്താണെന്നാണ് ഞാന്‍ പറയുന്നത്. ഇത് വിവാദമാവുകയാണെങ്കില്‍ ആവട്ടെ, കുഴപ്പമില്ല. ആര് കല്ലെറിഞ്ഞാലും എനിക്ക് കൊള്ളില്ല' ആര്‍ ശ്രീലേഖ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker