കുമളി: വനത്തിനുള്ളിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് സ്വകാര്യതോട്ടത്തിലെ വാച്ചർ മരിച്ച സംഭവത്തിൽ രണ്ട് വനപാലകരെ പോലീസ് അറസ്റ്റുചെയ്തു. കെ.കെ. പെട്ടി സ്വദേശി ഈശ്വൻ(52)-നെ വെടിവെച്ച കേസിൽ ഫോറസ്റ്റർ തിരുമുരുകൻ, ഗാർഡ് ബെന്നി എന്നു വിളിക്കുന്ന ജോർജുകുട്ടി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബർ 28-ന് ശ്രീവില്ലിപുത്തൂർ-മേഘമല കടുവാസങ്കേതത്തിന് കീഴിലുള്ള വണ്ണാത്തിപ്പാറ വനത്തിൽ വനംവകുപ്പ് നടത്തിയ വെടിവെപ്പിലാണ് ഈശ്വരൻ കൊല്ലപ്പെട്ടത്.
രാത്രി പട്രോളിങ്ങിനെത്തിയ വനപാലകരെ വനത്തിൽ ഒളിച്ചിരുന്ന ഈശ്വരൻ ആക്രമിക്കുകയായിരുന്നുവെന്നും സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തപ്പോൾ ഇയാൾ കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് വനപാലകർ പോലീസിന് മൊഴിനൽകിയിരുന്നത്.
എന്നാൽ മുൻ വൈരാഗ്യത്തെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈശ്വരനെ വെടിവെച്ചുകൊന്നതെന്നും പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നും കാട്ടി ഈശ്വരന്റെ ബന്ധുക്കൾ മധുര ബെഞ്ചിൽ ഹർജി ഫയൽ ചെയ്തു. കേസ് പരിഗണിച്ച ഹൈക്കോടതി ഇക്കാര്യം അന്വേഷിക്കാൻ തേനി ജില്ലാ പോലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കട്ടപ്പന മുളകരമേട്ടില്‍ നടന്ന കുരുമുളക് മോഷണവുമായി ബന്ധപ്പെട്ട് മൂന്നു മോഷ്ടാക്കളെയും മോഷണ മുതല്‍ വാങ്ങി സൂക്ഷിച്ച നഗരത്തിലെ വ്യാപാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.
കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍, കല്യാണത്തണ്ട് പയ്യംപള്ളിയില്‍ രഞ്ജിത്ത് തോമസ്, വാഴവര കുഴിയത്ത് ഹരികുമാര്‍, ഇവര്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ സ്ഥിരമായി വാങ്ങിയിരുന്ന സാഗരാ ജംഗ്ഷന്‍ പുത്തന്‍പുരക്കല്‍ സിംഗിള്‍മോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. വ്യാപാരി സ്ഥിരമായി മോഷണ മുതലുകള്‍ വാങ്ങി കച്ചവടം നടത്തുന്നുണ്ടായിരുന്നു. ഇയാളുടെ കടയില്‍ നിന്നും മുന്‍പും വിവിധ കേസുകളിലായി പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്.
കട്ടപ്പന സി.ഐ. എന്‍.സുരേഷ്‌കുമാര്‍, എസ്.ഐ. ഡിജു, സജി, ഷാജി, ജോസഫ്, സന്തോഷ്, എസ്.സി.പി.ഒ.മാരായ സുമേഷ്, അല്‍ബാഷ്, സനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.