മാനന്തവാടി: വയനാട് തോൽപ്പെട്ടി അരണപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വാച്ചർ വെങ്കിടദാസ് അപകടനില തരണം ചെയ്തു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വെങ്കിടദാസ്.
കടുവയുടെ ആക്രമണത്തിൽ തലയിലാണ് വെങ്കിടദാസിന് പരുക്കേറ്റത്. കാട്ടാനയെ ഓടിക്കാൻ പോകുന്നതിനിടയിൽ ആയിരുന്നു കടുവയുടെ ആക്രമണം. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി വനംവാച്ചറുടെ ബന്ധു രംഗത്തുവന്നിരുന്നു.
സംഭവം നടന്നതിന് ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താന്‍ വൈകിയെന്നായിരുന്നു ആരോപണം. വെങ്കിടദാസിനെ പുറകില്‍ നിന്നാണ് കടുവ ആക്രമിച്ചത്. വനം വകുപ്പ് വാച്ചറായ വെങ്കിടദാസ് ആനയെ ഓടിക്കാനായി ഇറങ്ങിയതായിരുന്നു.
ഇലയുടെ അനക്കം കേട്ട് ടോര്‍ച്ച് അടിച്ചു നോക്കുമ്പോള്‍ കടുവ ആക്രമിച്ചു. തലയ്ക്കടിയേറ്റ വെങ്കിടദാസ് നിലത്ത് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വാച്ചര്‍മാര്‍ ബഹളം വെച്ചതോടെ കടുവ ഓടി പോയെന്നും ബന്ധു പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടേ മുക്കാലോടെയാണ് അരണപ്പാറ ഭാഗത്ത് വെച്ച് ആക്രമണം ഉണ്ടായത്. വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.