
ആലപ്പുഴ: കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ ഇരുപതോളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്.
ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്ക് ഇന്ന് രാവിലെ വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊട്ടാരക്കരയിൽ ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് അങ്കണവാടി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളെയാണ് ആശുപത്രിയിലാക്കിയത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ രക്ഷിതാക്കളെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു.