കൊച്ചി: ബാങ്കിന്റെ ചില്ല് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പെരുമ്പാവൂരിലെ ബാങ്കിന് മുന്നിലെ വാതിലില്‍ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറില്‍ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന ഇന്നലെ മരിച്ചത്. പെരുമ്പാവൂര്‍ എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം നടന്നത്.
ബാങ്കില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവില്‍ നില്‍ക്കുന്നതിന് തൊട്ടുമുമ്പ് പേഴ്‌സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഓടിയ ബീന ബാങ്കിന് മുന്‍വശത്തെ ഗ്ലാസില്‍ ഇടിച്ച് വീഴുകയായിരുന്നു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. പൊട്ടിക്കിടന്ന ചില്ലില്‍ കൈ കുത്തി ബീന പതുക്കെ എഴുന്നേറ്റ് നില്‍ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. അപ്പോഴേക്ക് ബാങ്ക് ജീവനക്കാരും ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തുന്നുണ്ട്. ഇവരെ പതുക്കെ താങ്ങിപ്പിടിച്ച് അരികത്തെ കസേരയ്ക്ക് അരികിലേക്ക് നിര്‍ത്തുമ്പോള്‍ വലിയ രക്തസ്രാവം ഉണ്ടായിരുന്നു.
ചുറ്റും ചോര വീഴുന്നത് കണ്ട് പരിഭ്രാന്തരായ ബാങ്ക് ജീവനക്കാര്‍ ഇവരെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നൂറ് മീറ്റര്‍ മാത്രം അകലെ ആശുപത്രിയുണ്ടായിരുന്നിട്ടും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. വയറ്റില്‍ ചില്ല് തറച്ച് കയറി ഉണ്ടായ മുറിവ് അത്ര ആഴത്തിലുള്ളതും ഗുരുതരവുമായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ബാലന്‍സ് തെറ്റി തറയില്‍ വീണപ്പോള്‍ അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റില്‍ തറഞ്ഞ് കയറിയാണ് ബീനയുടെ ദേഹത്ത് ഗുരുതരമായ മുറിവുണ്ടായതെന്നാണ് പ്രാഥമികനിഗമനം.