ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്.
രേവതി, ഭർത്താവ് ഭാസ്‌കർ മക്കളായ ശ്രീ തേജ് സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തിയറ്ററിൽ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു. തുടർന്ന് ദുർഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി ഇടയ്ക്കൊന്ന മെച്ചപ്പെട്ടിരുന്നു.
സംഭവത്തിൽ അല്ലു അർജുനെതിരേ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയേറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം.
നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അർജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.