സ്പെയിനിനെ നടുക്കി മിന്നൽ പ്രളയം ; ഇതുവരെ മരിച്ചത് 64ലേറെ പേർ
മാഡ്രിഡ് : സ്പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേർ മരിച്ചു. സ്പെയിനിൻ്റെ കിഴക്കൻ മേഖലയായ വലൻസിയയിൽ ആണ് മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തെ തുടർന്ന് 64 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. മറ്റു നിരവധി നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
ചൊവ്വാഴ്ചയുണ്ടായ കനത്ത കൊടുങ്കാറ്റിനെ തുടർന്ന് സ്പെയിനിൻ്റെ തെക്ക്കിഴക്ക് മേഖലകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. ചൊവ്വാഴ്ച പെയ്ത മഴയിൽ മലാഗ മുതൽ വലൻസിയ വരെ വ്യാപിച്ചുകിടക്കുന്ന നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി കെട്ടിടങ്ങൾ തകരുകയും വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തതായും സ്പെയിൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്പെയിനിലെ എമർജൻസി റെസ്‌പോൺസ് യൂണിറ്റുകളിൽ നിന്നുള്ള ആയിരത്തിലധികം സൈനികരെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിന്യസിച്ചിട്ടുള്ളതായി ഭരണകൂടം വ്യക്തമാക്കി. മിന്നൽ പ്രളയത്തെ തുടർന്ന് മുന്നൂറിലധികം യാത്രക്കാരുമായിപ്പോയ ഒരു ട്രെയിൻ പാളം തെറ്റുകയും ചെയ്തു. ഈ മേഖലകളിൽ വൈദ്യുതി തടസ്സപ്പെടുകയും റോഡുകൾ തകർന്നതോടെ ഗതാഗത സംവിധാനം താറുമാറാകുകയും ചെയ്തിട്ടുണ്ട്. സ്പെയിൻ നേരിടുന്ന ദുരിതത്തിന് ആശ്വാസമാകാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു.