ബംഗളൂരു: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരു ബ്യാദരഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ചന(34) സിന്ദൂര(34) മധുസാഗര്‍(25) എന്നിവരും ഒമ്പത് മാസം പ്രായമുള്ള ആണ്‍കുഞ്ഞുമാണ് മരിച്ചത്. വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ രണ്ടരവയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ മുതിര്‍ന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം മുറിയിലെ കിടക്കയിലായിരുന്നു.
ഇതിനിടെയാണ്, അബോധാവസ്ഥയിലായ രണ്ടരവയസ്സുകാരിയെയും കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാലാണ് പെണ്‍കുട്ടി അവശനിലയിലായതെന്നാണ് കരുതുന്നത്. കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഫോണില്‍ വിളിച്ചിട്ടും ഭാരതിയുടെയും കുടുംബത്തിന്റെയും പ്രതികരണമില്ലാത്തതിനാല്‍ വീട്ടുടമയാണ് വിവരം പോലീസില്‍ അറിയിച്ചത്.
വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് സംഘമെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൂന്നോ നാലോ ദിവസം മുമ്പാണ് ഇവരുടെ മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു.
അതേസമയം, നാല് ദിവസം കഴിഞ്ഞിട്ടും ഇക്കാര്യങ്ങളൊന്നും അയല്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ലെന്നും വീട്ടില്‍ പരിശോധന തുടരുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.